
യശ്വവർധൻ കുമാർ സിൻഹ(ഫയൽ ചിത്രം) | Photo:AP
ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മിഷനിൽ പുതിയ കമ്മിഷണർമാരെ നിയമിക്കാനുളള സർക്കാർ നീക്കത്തെ വിമർശിച്ച് കോൺഗ്രസ്.
വിരമിച്ച ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ യശ്വവർധൻ കുമാർ സിൻഹയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പത്രപ്രവർത്തകനായ ഉദയ് മഹുർകറിനെ വിവരാവകാശ കമ്മിഷണറായി നിയമിച്ചേക്കാമെന്നും സൂചനയുണ്ട്. ഇതിനുളള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇതുസംബന്ധിച്ച് രാഷ്ട്രപതി ഭവൻ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്ന് പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കും.പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള പാനലാണ് വിവരാവകാശ നിരീക്ഷണസമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുക.
യുകെ, ശ്രീലങ്ക എന്നിവിടങ്ങളിലെ മുൻ ഹൈക്കമ്മിഷണറായിരുന്ന വൈ.കെ.സിൻഹയ്ക്ക് 2023 ഒക്ടോബർ വരെയായിരിക്കും കാലാവധി. ഉദയ് മഹുർകറിനെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനുളള നീക്കത്തെയാണ് കോൺഗ്രസ് കൂടുതലും എതിർക്കുന്നത്.
മുഖ്യ വിവരാവകാശ കമ്മിഷണറുടെ പോസ്റ്റിലേക്ക് അപേക്ഷിച്ച 139 പേരിൽ നിന്നും വിവരാവകാശ കമ്മിഷണർ പോസ്റ്റിലേക്ക് അപേക്ഷിച്ച 335 പേരിൽ നിന്നും ഇവരെ ഷോർട്ലിസ്റ്റ് ചെയ്തതിനെ കുറിച്ച് സെലക്ഷൻ കമ്മിറ്റി വ്യക്തവരുത്തിയിട്ടില്ലെന്നാണ് പാർട്ടി ചൂണ്ടിക്കാണിക്കുന്നത്. തന്നെയുമല്ല ഉദയ് പോസ്റ്റിലേക്കായി അപേക്ഷ സമർപ്പിച്ചിരുന്നില്ലെന്നും കോൺഗ്രസ് പറഞ്ഞു. ഭരണത്തിലിരിക്കുന്ന പാർട്ടിയെയും അവരുടെ പ്രത്യയശാസ്ത്രത്തെയും പിന്തുണയ്ക്കുന്ന വ്യക്തിയായതിന്റെ പേരിലാണ് ഉദയിന്റെ നിയമനമെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.
Content Highlights:Controversy over new heads of RTI watchdog
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..