ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യാസ്പന്ദനയുടെ ട്വീറ്റ് വിവാദത്തില്‍. ഏകതാപ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ചതാണ് വിവാദത്തിലായത്.

'അതെന്താ പക്ഷിക്കാഷ്ഠമാണോ' എന്നായിരുന്നു ചിത്രത്തിന് ദിവ്യ നല്‍കിയ അടിക്കുറിപ്പ്. ഇതിനെതിരേ എതിര്‍പ്പുമായി ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് വന്നു. കോണ്‍ഗ്രസിന്റെ മൂല്യം തകരുന്നതാണ് കാണുന്നത് എന്നാണ് രാഹുലിനെ പരോക്ഷമായി സൂചിപ്പിച്ച് ബിജെപി പ്രതികരിച്ചത്.

ദിവ്യ ഉപയോഗിച്ച ഭാഷ കടന്നകൈയ്യായി പോയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ അഭിപ്രായങ്ങള്‍ തന്റേത് മാത്രമാണെന്നും ദിവ്യ പ്രതികരിച്ചു. താന്‍ ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്വീറ്റുകളുടെ പേരില്‍ ദിവ്യ വിമര്‍ശനം നേരിടേണ്ടി വരുന്നത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്ത ദിവ്യയുടെ നടപടിയെ പാര്‍ട്ടിയും ദിവ്യയും തമ്മിലുള്ള അസ്വാരസ്യമായി രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തിയിരുന്നു.