ജയ്പുര്‍: 2030 ഓടെ ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കാനും രാജ്യത്തിന്റെ നിയന്ത്രണം കയ്യടക്കാനും മുസ്ലീംങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുകയാണെന്ന്  ബിജെപി എംഎല്‍എ. അല്‍വാറില്‍ നിന്നുള്ള എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍ ആണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്.

'ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം രണ്ടില്‍ ഒതുക്കുമ്പോള്‍ മുസ്ലീങ്ങള്‍ പന്ത്രണ്ടും പതിനാലും കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ്.'അല്‍വാര്‍ പാര്‍ലമെന്റ് സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബന്‍വാരി ലാല്‍ ഈ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. 

ഈ രീതിയില്‍ മുസ്ലീങ്ങള്‍ വര്‍ധിച്ചാല്‍ ഹിന്ദുക്കളുടെ നിലനില്‍പ്പ് അപകടത്തിലാവും. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി പദങ്ങളില്‍ മുസ്‌ലീങ്ങളെ ഇരുത്താനുള്ള ആസൂത്രിതമായ നീക്കമാണിത്. മുസ്ലീങ്ങള്‍ ഭരണാധികാരികളായാല്‍  ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരായി മാറുമെന്നും ബന്‍വാരി ലാല്‍ പറഞ്ഞു. 

ഇന്ത്യയിലെ മുസ്ലിം ജനസംഖ്യാ വളര്‍ച്ച പരിശോധിച്ച ശേഷമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്  ഇട്ടതെന്നും അത് പിന്‍വലിക്കാന്‍ പോവുന്നില്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബന്‍വാരി ലാലിന്റെ മറുപടി. 

മുസ്ലീങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഹിന്ദുക്കള്‍ നല്‍കുന്ന നികുതിയും ചൂഷണം ചെയ്യുകയണെന്നാരോപിച്ച എംഎല്‍എ, മുസ്ലീം കുടുംബത്തിലെ കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കാന്‍ നിയമം നിര്‍മ്മിക്കണമെന്നും പറഞ്ഞു.