ചണ്ഡീഗഢ്: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ കാലില്‍ തൊടുന്ന തരത്തിലുള്ള വീഡിയോ വൈറലായി. ഇതോടെ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശവുമായി ബിജെപിയും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ളവ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ സംസ്‌കാരമാണ് വീഡിയോയിലൂടെ വെളിപ്പെട്ടതെന്ന് അവര്‍ കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വിശ്വസനീയത ഉറപ്പാക്കിയിട്ടില്ല.

ചരണ്‍ജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ഗാന്ധി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ചന്നി മുഖ്യമന്ത്രി ആകുന്നതിനെ ഒരു പുതിയ തുടക്കം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിനെത്തിയ രാഹുല്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍നിന്ന് അപമാനം നേരിട്ടുവെന്ന് ആരോപിച്ച് അമരീന്ദര്‍ സിങ് കഴിഞ്ഞ ഞായറാഴ്ചയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയ ചരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബിലെ ആദ്യ ദളിത് വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രിയാണ്.

തിങ്കളാഴ്ച അധികാരമേറ്റ ചന്നി ചെറിയ കുടുംബങ്ങള്‍ക്ക് സൗജന്യമായി ശുദ്ധജലം നല്‍കുമെന്നും വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ തീര്‍ത്തും സാധാരണക്കാരനാണെന്ന് ചന്നി അവകാശപ്പെട്ടിരുന്നു. പാവപ്പെട്ടവനായ തന്നെ മുഖ്യമന്ത്രിയാക്കിയതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു.