മുംബൈ: മഹാത്മാഗാന്ധിക്കെതിരായ വിവാദ ട്വീറ്റിന്റെ പേരില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് സ്ഥാനചലനം. ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജോയിന്റ് കമ്മീഷണര്‍ നിധി ചൗധരിയെയാണ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍സ് വകുപ്പിലെക്ക് സ്ഥലംമാറ്റിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിധി ചൗധരിയോട് വിശദീകരണവും തേടിയിട്ടുണ്ട്. 

ഗാന്ധിയുടെ പ്രതിമകള്‍ നീക്കംചെയ്യണമെന്നും നോട്ടില്‍ നിന്ന് രാഷ്ട്രപിതാവിന്റെ ചിത്രം ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു നിധി ചൗധരിയുടെ ട്വീറ്റ്. ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയ്ക്ക് ട്വീറ്റിലൂടെ നന്ദിയും രേഖപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ നിധി ചൗധരി ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും പ്രതിഷേധം ശക്തമാവുകയായിരുന്നു.

മെയ് 17-ലെ ട്വീറ്റ് ചിലര്‍ തെറ്റിദ്ധരിച്ചതാണെന്നും ഗാന്ധിയെ അപമാനിക്കുന്നത് സ്വപ്‌നത്തില്‍ പോലും വിചാരിട്ടില്ലെന്നും നിധി ചൗധരി പിന്നീട് ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു. എന്നാല്‍ ഐ.എ.എസ്. ഉദ്യോഗസ്ഥക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. 

Content Highlights: controversial tweet against gandhi,ias officer nidhi choudhari got transfer