പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
ന്യൂഡല്‍ഹി: 'മന്ത്രിമാര്‍ക്കും സമുന്നതപദവിയിലിരിക്കുന്ന പൊതുസേവകര്‍ക്കും എന്തും വിളിച്ചുപറയാമോ?' എന്ന വിഷയം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നു. 'ഉന്നതസ്ഥാനത്തിരിക്കുന്നവരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ?' എന്ന വിഷയം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് രണ്ടുവര്‍ഷംമുമ്പ് പരിശോധിച്ചിരുന്നെങ്കിലും തീര്പ്പുകല്പിക്കാനായില്ല. എന്നാല്‍, കേരളത്തിലെ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയം വീണ്ടും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനൊരുങ്ങുകയാണ് ഹര്‍ജിക്കാര്‍.
മന്ത്രിസ്ഥാനത്തിരിക്കെ എം.എം. മണി, ഉത്തര്‍പ്രദേശിലെ അസംഖാന് എന്നിവരുടെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരായ പരാതികളിലെ വിശാലമായ നിയമപ്രശ്നമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തേ പരിശോധിച്ചത്. മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതപദവിയിലിരിക്കുന്നവര്ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാമോ എന്ന വിഷയത്തില്‍ അമിക്കസ് ക്യൂറിമാരായ ഹരീഷ് സാല്‍വെ, എഫ്.എസ്. നരിമാന്, അപരാജിത സിങ് എന്നിവരും അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലും നിലപാടറിയിച്ചിരുന്നു. പിന്നീട്, അറ്റോണിയുടെ വാദം പൂര്‍ത്തിയാക്കാനായി 2020 ജനുവരിയില്‍ കേസ് മാറ്റിവെച്ചെങ്കിലും കോവിഡ് അടച്ചിടല്‍ കാരണം മുന്നോട്ടുപോയില്ല. 2020 സെപ്റ്റംബറില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചതിനാല്‍ ഇനി പുതിയ ബെഞ്ചുണ്ടാക്കി വാദംകേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിക്കുമെന്ന് ഹര്‍ജിക്കാരനായ ജോസഫ് ഷൈനിന്റെ അഭിഭാഷകന് കാളീശ്വരം രാജ് പറഞ്ഞു.
സമഗ്രമായ പെരുമാറ്റച്ചട്ടമില്ല
ഇന്ത്യയില്‍ മന്ത്രിമാരുടെ പെരുമാറ്റം നിയന്ത്രിക്കായി സമഗ്രമായ ചട്ടമില്ല. മറ്റുചില രാജ്യങ്ങളില്‍ ഇതിന് പ്രത്യേക നിയമം, കമ്മിഷനുകള്‍, പെരുമാറ്റച്ചട്ടങ്ങള്‍ എന്നിവയുണ്ട്. ബ്രിട്ടനില്‍ മന്ത്രിമാരുടെ പെരുമാറ്റനിയന്ത്രണത്തിന് മിനിസ്റ്റീരിയല്‍ കോഡ് നടപ്പാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ പ്രസംഗം, മാധ്യമ അഭിമുഖം തുടങ്ങിയവയും ഇതിന്റെ പരിധിയിലാണ്.
വിവാദ പരാമര്‍ശങ്ങള്‍
യു.പി.യിലെ ബുലന്ദ്ഷെഹറില് കൂട്ടബാലാത്സംഗത്തിനിരയായവര്ക്കെതിരേ മുന്‍ മന്ത്രി അസംഖാന് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ കൗശല്‍ കിഷോര്‍ നല്കിയ പരാതിയാണ് ആദ്യം സുപ്രീംകോടതിയിലെത്തിയത്. മന്ത്രി എം.എം. മണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ഇറ്റലിയിലെ പ്രവാസി മലയാളിയായ ജോസഫ് ഷൈന്‍ സുപ്രീംകോടതിയിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..