ന്യൂഡൽഹി: രാജ്യത്ത് അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനിടെ മരിച്ചത് 941 തൊഴിലാളികളെന്ന് വെളിപ്പെടുത്തല്‍.  രാജ്യസഭയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. മരണങ്ങൾ ഏത് കാലയളവിലായിട്ടാണ് സംഭവിച്ചത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാൽ  തോട്ടിപ്പണിയുമായി ബന്ധപ്പെട്ട് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സാമൂഹിക നീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. 

തോട്ടിപ്പണി ചെയ്യുന്നതിനിടെ മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിലവിൽ രാജ്യത്ത് 58,098 പേർ തോട്ടിപ്പണി ചെയ്യുന്നവരാണെന്നും എന്നാൽ ഇത്തരത്തിൽ ജോലി ചെയ്യുന്നവരിൽ നിന്ന് ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അഴുക്കുചാലുകൾ അല്ലെങ്കിൽ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി പങ്കുവെച്ച വിവരങ്ങൾ പ്രകാരം തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണങ്ങള്‍. ഗുജറാത്തിൽ 153 പേർ, ഉത്തർപ്രദേശിൽ 104 പേർ, ഡൽഹിയിൽ 98 പേർ, കർണാടകയിൽ 84 പേർ, ഹരിയാനയിൽ 73 പേർ എന്നിങ്ങനെയാണ് മരണങ്ങള്‍ നടന്നിട്ടുള്ളത്.

2013 വരെ ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നത് തോട്ടിപ്പണിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2013-ല്‍ ഇവരെയും ഉള്‍പ്പെടുത്തി ഭേദഗതിവന്നു. നിലവിൽ തോപ്പിട്ടണി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.

തോട്ടിപ്പണി ചെയ്യുന്നവരെ പുനരധിവാസിപ്പിക്കാനുള്ള പദ്ധതി പ്രകാരം അർഹരായ 58,098 പേരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് 40,000 രൂപവീതം നിക്ഷേപിക്കുന്നുണ്ട്.

Content Highlights: Centre says 941 workers died cleaning sewers, septic tanks