ന്യൂഡല്‍ഹി:  കരട്  പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം ( ഇ.ഐ.എ)  എല്ലാ ഇന്ത്യന്‍ ഭാഷകളിലും പ്രസിദ്ധീകരിക്കാതിരുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്ത്യയിലെ 22 ഭാഷകളില്‍ ഇ.ഐ.എയുടെ കരട് പ്രസിദ്ധീകരിക്കണമെന്ന് ജൂണ്‍ കോടതി ഉത്തരവിട്ടിരുന്നു. ജൂണ്‍ 30 മുതല്‍ 10 ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം.

ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 17ന് കേസ് വീണ്ടും  പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനായ വിക്രാന്ത് തോംഗഡ് ആണ് ഹര്‍ജിക്കാരന്‍. ഇ.ഐ.എ കരടിന്റെ വിവിധ ഭാഷയിലുള്ള വിവര്‍ത്തനങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചില്ലെന്നും അതിന് കൂടുതല്‍ സമയമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നില്ലെന്നും വിക്രാന്ത് ചൂണ്ടിക്കാണിച്ചു.

ഹര്‍ജിക്കാരന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനാണ് ഹാജരായത്. കോടതിയുടെ ജൂണ്‍ 30 ഉത്തരവ് പ്രകാരം ഓഗസ്റ്റ് 11 വരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസ്തുത കരടിന്റെ വിവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനായി പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Content Highlights: Contempt plea in HC against govt for not publishing draft EIA in 22 Indian languages