കോൺറാഡ് സാങ്മയും അമിത് ഷായും (ഫയൽ) |ഫോട്ടോ:PTI
ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ ആഭ്യന്തര മന്ത്രി അമിത് ഷായെ ബന്ധപ്പെട്ട് പിന്തുണ തേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സാങ്മയുടെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നേടാനാകാതിരുന്നതോടെയാണ് ബിജെപി പിന്തുണ തേടി സാങ്മ അമിത് ഷായെ വിളിച്ചത്.
60 അംഗ മേഘാലായ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് രണ്ടു സീറ്റുകളാണ് ലഭിച്ചത്. ബിജെപിയെ കൂടാതെ മറ്റു പാര്‍ട്ടികളുടെ പിന്തുണയും സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് ആവശ്യമായി വരും. നേരത്തെ സഖ്യമായിരുന്ന യുഡിപിയുടെ അടക്കം പിന്തുണ സാങ്മ തേടിയേക്കും.
11 സീറ്റുകള്‍ നേടിയ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)യാണ് രണ്ടാം സ്ഥാനത്തുള്ളത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് വീതം സീറ്റുകള്‍ നേടിയിട്ടുണ്ട്. വോയിസ് ഓഫ് പീപ്പിള്‍ പാര്‍ട്ടി-4, പീപ്പിള്‍ ഡെമോക്രാറ്റിക് ഫ്രണ്ട്-2, ഹില്‍ സേറ്റ് പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി-2 എന്നിങ്ങനെ സീറ്റുകള്‍ നേടിയതിനൊപ്പം രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയുമായുള്ള സഖ്യം സാങ്മ ഉപേക്ഷിച്ചത്. ഒറ്റയ്ക്ക് ഭൂരിപക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ സാങ്മ ബിജെപി പിന്തുണ തേടിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം അസമിലെത്തി അര്‍ദ്ധരാത്രിയില്‍ അവിടുത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് സാങ്മ അമിത് ഷായെ വിളിച്ച് പിന്തുണ തേടിയ കാര്യം ഹിമന്ത തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്.
2018ല്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും തിരഞ്ഞെടുപ്പിന് പിന്നാലെ രൂപംകൊണ്ട മേഘാലയ ഡെമോക്രാറ്റിക് അലയന്‍സാണ് ഭരണംപിടിച്ചെടുത്തത്. എന്‍.പി.പിയ്ക്കും ബി.ജെ.പിക്കും പുറമേ യു.ഡി.പി.,പി.ഡി.എഫ്., എച്ച്.എസ്.പി.ഡി.പി. തുടങ്ങിയവരായിരുന്നു സഖ്യത്തിലെ പ്രധാന കക്ഷികള്‍. ഹിമന്ത ബിശ്വ ശര്‍മയുടെയും അമിത് ഷായുടെയും ഇടപെടലുകളിലൂടെയാണ് അന്ന് ഈ സഖ്യം രൂപീകൃതമായത്. സമാനമായ സഖ്യ രൂപീകരണത്തിനുള്ള പിന്തുണയാണ് സാങ്മ അമിത് ഷായോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നതും.
Content Highlights: Conrad Sangma Calls Amit Shah For Support To Form Meghalaya Government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..