കോൺറാഡ് സാങ്മ, മുകുൾ സാങ്മ, മമതാ ബാനർജി | Photo:PTI
ഷില്ലോങ്: മേഘാലയയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയ്ക്ക് ഗവര്‍ണറുടെ ക്ഷണം. മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും 32 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് കോണ്‍റാഡ് സാങ്മ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തേക്കും.
കഴിഞ്ഞ ദിവസം 32 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് കോണ്‍റാഡ് സാങ്മ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ സാങ്മയെ ക്ഷണിച്ചത്.
കേവല ഭൂരിപക്ഷമില്ലെങ്കിലും 26 സീറ്റില്‍ ജയിച്ച സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയായിരുന്നു മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ട് സീറ്റുള്ള ബിജെപിക്ക് പുറമേ രണ്ട് സീറ്റുള്ള ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും രണ്ട് സ്വതന്ത്ര എംഎല്‍എമാരും സാങ്മയ്ക്ക് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍പിപിക്ക് പിന്തുണയില്ലെന്ന് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പിന്നീട് വ്യക്തമാക്കി.
60 അംഗ നിയമസഭയില്‍ നിലവില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 30 പേരുടെ പിന്തുണ മതി. സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് ഒരു മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അതിനാല്‍ ഹില്‍ സ്റ്റേറ്റ് പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കിലും 30 എന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ സാങ്മയ്ക്ക് കഴിയും.
പ്രതിപക്ഷ പാര്‍ട്ടികളെ ഐക്യപ്പെടുത്തി സര്‍ക്കാരുണ്ടാക്കാന്‍ അഞ്ച് എംഎല്‍എമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ ഒരുഭാഗത്ത് ചര്‍ച്ചകള്‍ സജീവമായി നടത്തുന്നതിനിടെയാണ് മാര്‍ച്ച് ഏഴിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സാങ്മ പ്രഖ്യാപിച്ചത്.
Content Highlights: Conrad Sagma claims backing of 32 MLAs, declares date for swearing-in ceremony
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..