ചെങ്കോട്ടയിലെത്തിയ പ്രതിഷേധക്കാർ. ഫോട്ടോ പി.ടി.ഐ
ന്യൂഡല്‍ഹി: 72-ാം റിപ്പബ്ലിക്ക് ദിനം രാജ്യം ആഘോഷിക്കുമ്പോള്‍ കര്‍ഷക സമരം അതിന്റെ 61-ാം ദിവസത്തില്‍ ഡല്‍ഹി നഗരത്തില്‍ ആഞ്ഞടിക്കുന്ന കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടത്. അതിര്‍ത്തി വരെ റൂട്ട് മാപ്പ് നിശ്ചയിച്ച ട്രാക്ടര്‍ റാലി ഉച്ചയോടെ അതിര്‍ത്തി ഭേദിച്ച് നഗരത്തിലേക്ക് കുതിച്ചു. സമാധാനപരമായി ഇത്രയും ദിവസം നീണ്ട സമരം ഇന്ന് വളരെപ്പെട്ടെന്നായിരുന്നു അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്.
ഡല്‍ഹി നഗരത്തില്‍ പ്രവേശിക്കും വരെ നിശ്ചയിട്ട റൂട്ട് മാപ്പിലായിരുന്നു ട്രാക്ടര്‍ റാലി. എന്നാല്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകളും വഴിയടച്ചിട്ടിരുന്ന കണ്ടെയ്നറുകളും ബസ്സുകളും ക്രെയിനും കോണ്‍ക്രീറ്റ് ബ്ലോക്കുകളും എല്ലാം തട്ടിനീക്കിയും പിടിച്ചെടുത്തുമാണ് സമരക്കാര്‍ മുന്നോട്ടുനീങ്ങിയത്. വഴിമുടക്കിയ എല്ലാ പ്രതിബന്ധങ്ങളും ആ ട്രാക്ടറുകള്‍ ഉഴുതുമറിച്ചു.

പിന്നെ കാര്യങ്ങള്‍ കൈവിട്ടു. പോലീസുമായി തുടര്‍ച്ചയായി ഏറ്റുമുട്ടല്‍. പോലീസിന്റെ സുരക്ഷാ മതിലുകളെല്ലാം തകര്‍ക്കപ്പെട്ടു. തന്ത്രപ്രധാനകേന്ദ്രമായ ഐടിഒയിലേക്ക് വരെ സമരക്കാര്‍ എത്തുന്ന കാഴ്ച കണ്ട് പോലീസ് അമ്പരന്നു. എന്തുചെയ്യണമെന്നറിയാതെ പോലീസ് അധികാരികളും കുഴങ്ങി.
ഐടിഒയില്‍ സമരക്കാരെ കൂടുതല്‍ നേരിടാന്‍ പോലീസ് എത്തിയപ്പോള്‍ ഒരുവിഭാഗം കൊണാട്ട് പ്ലെയിസിലേക്ക് നീങ്ങി. അവിടേക്ക് പോലീസ് നീങ്ങിയപ്പോള്‍ മറ്റൊരു സംഘം ചെങ്കോട്ടയില്‍ പാഞ്ഞെത്തി അവിടെ സ്വന്തം പതാക വരെ ഉയര്‍ത്തുന്ന സ്ഥിതിയെത്തി.
നേരത്തെ നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പലയിടങ്ങളിലും ട്രാക്ടര്‍ പരേഡ് നടന്നത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഐടിഒയില്‍ പോലീസുകാരെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് ഓടിച്ചിട്ടിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. സുപ്രധാന സര്‍ക്കാര്‍ ഓഫീസുകളും മറ്റു നിലകൊള്ളുന്ന ഇടമാണ് ഐടിഒ.
ചെങ്കോട്ടയിലെത്തിയ കര്‍ഷകരില്‍ ചിലര്‍ അവിടെ തങ്ങളുടെ പതാകയും ഉയര്‍ത്തി.
തലസ്ഥാനത്തെ ബന്ധിപ്പിക്കുന്ന വിവിധ അതിര്‍ത്തികളില്‍ നിന്നാരംഭിച്ച ട്രാക്ടര്‍ റാലി ഡല്‍ഹിയെ തൊട്ട് ഇരുനൂറിലേറെ കിലോമീറ്റര്‍ സഞ്ചരിക്കുന്നുണ്ട്.
നിശ്ചയിച്ച റൂട്ട് മാപ്പ് ഇപ്രകാരമായിരുന്നു
മുഖ്യസമരകേന്ദ്രമായ സിംഘുവില്‍നിന്ന് 63 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റാലി. സിംഘുവില്‍ ആരംഭിച്ച് എസ്.ജി.ടി. നഗര്‍, ഡി.ടി.യു. ഷാബാദ്, എസ്.ബി. ഡയറി, ബര്‍വാല, പൂത്ത് കുര്‍ദ്, ബവാന ടി പോയന്റ്, കഞ്ജാവ്ല ചൗക്ക്, കുത്തബ്ഗഢ്, ഓച്ചണ്ടി ബോര്‍ഡര്‍, ഖര്കോദ ടോള്‍ പ്ലാസ, കെ.എം.പി.ജി.ടി. റോഡ് ജങ്ഷന് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മടങ്ങിയെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തിക്രിയില്‍നിന്നുള്ള റാലി നാംഗ്ലോയ്, ബാപ്രോള, നജഫ്ഗഢ്, ഝറോഡ, റോഥക് ബൈപ്പാസ്, അസോദ ടോള്‍ പ്ലാസ എന്നീ റൂട്ടില്‍ 62 കിലോമീറ്റര്‍ സഞ്ചരിച്ച് അതിര്‍ത്തിയില്‍ തിരിച്ചെത്തും.
ഗാസിപ്പുരില് നിന്നുള്ള റാലിയാവട്ടെ, അപ്സര അതിര്‍ത്തി, ഹാപ്പുര്‍ റോഡ്, ലാല്‍ കുവാന്‍ എന്നിവിടങ്ങളിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിക്കും.
ഷാജഹാന്‍പുരില്‍നിന്ന് ബാവല്‍, മനേസര്‍ എന്നിവിടങ്ങളിലൂടെ ട്രാക്ടറുകള്‍ നീങ്ങി തിരിച്ചെത്തും. മേവാത്ത് റൂട്ടില്‍നിന്ന് പുറപ്പെട്ട് സുനേദ ജുറേഡ ബോര്‍ഡര്‍, പിംഗവന്, ബാദ്കലി, ബിപിപുര് ചൗക്ക് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന മറ്റൊരു ട്രാക്ടര്‍റാലി കൂടിയുണ്ട്.
സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് എത്തുന്ന എല്ലാ റോഡുകളും പോലീസ് തടഞ്ഞിട്ടുണ്ട്.
Content Highlights: Connaught Place, Red Fort, ITO: Delhi city 'conquered' by farmers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..