
representative image
റായ്പൂര്‍: ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് പ്രാബല്യത്തിലാക്കിയ എന്‍ഐഎ നിയമത്തിനെതിരേ കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. എന്‍ഐഎ നിയമം സംസ്ഥാന സര്‍ക്കാറിന് പോലീസിലൂടെ കേസന്വേഷണം നടത്താനുള്ള അധികാരങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും കേന്ദ്രത്തിന് അമിതമായ അധികാരം നല്‍കുന്നതാണെന്നും കാണിച്ചാണ് നിയമത്തിന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഭരണഘടനയിലെ അനുച്ഛേദം 131 പ്രകാരമാണ് കേന്ദ്ര നിയമത്തിനെതിരേ ചത്തീസ്ഗഢ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അനുച്ഛേദം 131 പ്രകാരം കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യുട്ട് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര നിയമത്തിനെതിരേ ചത്തീസ്ഗഢും പരമോന്നത കോടതിയില്‍ നിയമ പോരാട്ടത്തിന് തുടക്കമിട്ടത്.
ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഐഎ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാറുമായി ഏകോപനത്തിനോ കൂടിയാലോചനയ്ക്കോ യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചത്തീസ്ഗഢ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരായ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് എന്‍ഐഎ നിയമം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. ഭീകവാദവുമായി ബന്ധപ്പെട്ട രാജ്യത്തെ എല്ലാ കേസുകളും അന്വേഷിക്കാനുള്ള പ്രത്യേക ദേശീയ അന്വേഷണ വിഭാഗമാണ് എന്‍ഐഎ. കഴിഞ്ഞ വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ എന്‍ഐഎ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാന്‍ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടായി. സംസ്ഥാന പോലീസ് ചുമത്തുന്ന യുഎപിഎ കേസുകളില്‍ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ തന്നെ എന്‍ഐഎയ്ക്ക് കേസ് എടുക്കാനും സാധിച്ചിരുന്നു.
Content Highlights; Cong-ruled Chhattisgarh moves Supreme Court against NIA Act
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..