മുംബൈ: കേന്ദ്ര ബജറ്റിനെതിരെയും ഇന്ധന വില വര്‍ധനവിനെതിരേയും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുംബൈയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കരിങ്കൊടി കാണിച്ചു. എന്നാല്‍ ധനമന്ത്രിക്ക് അടുത്തെത്തി പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ശ്രമം പോലീസ് തടഞ്ഞു.

കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തിൽ ദാദറില്‍ ഒരു സംവാദ പരിപാടിക്ക് എത്തിയതായിരുന്നു നിര്‍മലാ സീതാരാമന്‍. 500 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും ധനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. രാഹുല്‍ ഗാന്ധിക്ക് അനുകൂലമായും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

ദാദര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ അതിരാവിലെ മുതല്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു.  കേന്ദ്ര ബജറ്റിനെതിരെയും അവശ്യവസ്തുക്കളുടേയും പെട്രോള്‍, ഡീസല്‍, പാചക വാതകം, റെയില്‍വേ നിരക്കുകള്‍ എന്നിവയുടെ വര്‍ധനവിനെതിരേയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

എന്നാല്‍ പ്രതിഷേധം സമാധാനപരമായാണ് നടന്നതെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിജയ് പാട്ടീല്‍ പറഞ്ഞു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Congress Workers Show Black Flags To Nirmala Sitharaman On Mumbai Visit