ന്യൂഡല്‍ഹി: വിരമിച്ച ഐപിഎസ് ഓഫീസര്‍ എസ്.ആര്‍ ധാരാപുരിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്‍ത്തകന് പോലീസ് 6100 രൂപ പിഴ ചുമത്തി. ഹെല്‍മെറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജ്‌റാറിനുമേല്‍ യു.പി പോലീസ് പിഴ ചുമത്തിയിട്ടുള്ളത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ റിട്ട. ഐപിഎസ് ഓഫീസറുടെ വീട് സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പോയ പ്രിയങ്കയെ കഴിഞ്ഞ ദിവസം പോലീസ് തടഞ്ഞിരുന്നു. ഇതോടെയാണ് അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര തുടര്‍ന്നത്. എന്നാല്‍ ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല.

ഗതാഗത നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യു.പി പോലീസിന്റെ നടപടി. കോണ്‍ഗ്രസ് പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ പോയ പ്രിയങ്കയെ പോലീസ് വീണ്ടും തടഞ്ഞതോടെ റിട്ട. ഐപിഎസ് ഓഫീസറുടെ വീട്ടില്‍ അവര്‍ നടന്നാണ് എത്തിയത്. പോലീസ് തന്നെ കൈയേറ്റം ചെയ്തുവെന്ന് പിന്നീട് അവര്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച തന്നെ പോലീസ് വളഞ്ഞുവെന്നും അവര്‍ പറഞ്ഞിരുന്നു. യു.പി പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി അവര്‍ പിന്നീട് സിആര്‍പിഎഫിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

Content Highlights: Congress worker on whose two wheeler Priyanka Gandhi Vadra travelled has been chellaned