ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന് അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്  എം.പി ശശി തരൂര്‍. കോണ്‍ഗ്രസില്‍ ചേരാന്‍ കനയ്യ ആഗ്രഹിക്കുകയാണെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാതിരിക്കാനുള്ള കാരണങ്ങളൊന്നും താന്‍ കാണുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന് വേറൊരു പാര്‍ട്ടിയിലാണ് അംഗത്വം ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയതയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംവാദങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ദേശീയതയെ രാഷ്ട്രീയത്തില്‍ ഒരു പ്രശ്‌നമാക്കി ഉയര്‍ത്തിയത് ഭാരതീയ ജനതാ പാര്‍ട്ടി സുഹൃത്തുക്കളാണെന്നും അവരുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് അതെന്നും തരൂര്‍ കുറ്റപ്പെടുത്തി. അവര്‍ മാത്രമാണ് ദേശീയ വാദികളെന്നും അവരെ എതിരാളികളേയും നിരൂപകരേയും ദേശവിരുദ്ധരെന്ന് ചിത്രീകരിക്കാനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വ്യവസ്ഥതയില്‍ ഇത്തരമൊരു നിലപാട് ഏത് രാഷ്ട്രീയ കക്ഷി വച്ചുപുലര്‍ത്തുന്നതാണെങ്കിലും അത് അപകടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.