ജയ്പുര്‍: രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ്. ജില്ലാ പരിഷത്ത്, നഗരപാലിക, പഞ്ചായത്ത് സമിതി സീറ്റുകളില്‍ മിക്കതിലും കോണ്‍ഗ്രസ് ബിജെപിയെ മറികടന്നു. ആറ് ജില്ലാ പരിഷത്ത് സീറ്റുകളില്‍ നാലും 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ പന്ത്രണ്ടും ആറ് മുനിസിപ്പല്‍ സീറ്റുകളില്‍ നാലും കോണ്‍ഗ്രസ് നേടി.

പഞ്ചായത്ത് സമിതിയില്‍ രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയായ ബിജെപി ഒരു ജില്ലാ പരിഷത്ത് സീറ്റും എട്ടു പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് മുനിസിപ്പല്‍ സീറ്റുകളുമാണ് നേടിയത്. ഏതാനും ദിവസം മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടു ലോക്‌സഭാ സീറ്റുകളിലും ഒരു നിയമസഭാ സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 

ഗ്രാമ-നഗര മേഖലകളില്‍ ഒരുപോലെ കോണ്‍ഗ്രസ് നേടിയ വിജയം ജനങ്ങളുടെ ചിന്താഗതിയാണ് കാട്ടിത്തരുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രധാനമന്ത്രി രാജസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പുതന്നെ രാജസ്ഥാനിലെ ജനങ്ങള്‍ അദ്ദേഹത്തിന് മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്നുണ്ട്. 

തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി, കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ബിജെപിക്കുള്ള ആഹ്വാനമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പ്രതികരിച്ചു.

Content Highlights: Congress, Rajastan, bypolls, BJP