ലഖ്‌നൗ: അടുത്തകൊല്ലം ആദ്യം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും.  കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നും ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. ആകെ 403 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. ഇതില്‍ 40 ശതമാനം മണ്ഡലങ്ങളില്‍ വനിതകളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കുക. 

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ശെഹറില്‍ പ്രതിഗ്യ സമ്മേളന്‍ ലക്ഷ്യ-2022 പരിപാടിയില്‍ സംസാരിക്കവേയാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മാത്രമേ മത്സരിക്കാന്‍ സീറ്റ് നല്‍കുകയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യചര്‍ച്ചകള്‍ നടക്കുന്നെന്ന ഊഹാപോഹങ്ങളെയും പ്രിയങ്ക തള്ളി. 

കോവിഡ് ആകട്ടെ, മറ്റെന്തെങ്കിലും പ്രതിസന്ധിയാകട്ടെ ജനങ്ങളെ സഹായിക്കാനെത്തിയത് കോണ്‍ഗ്രസാണ്. ഉന്നാവിനോ ലഖിംപുരിനോ ഹാഥ്‌റസിനോ വേണ്ടി എസ്.പിയോ ബി.എസ്.പിയോ പോരാടിയോ? പക്ഷേ, ഞങ്ങള്‍ പോരാടി- പ്രിയങ്ക പറഞ്ഞു. ബി.ജെ.പിക്കെതിരേയും പ്രിയങ്ക, രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നേതാക്കള്‍ രക്തവും വിയര്‍പ്പും ചിന്താത്തതിനാല്‍, ബി.ജെ.പിക്ക് സ്വാതന്ത്ര്യസമരത്തോട് ബഹുമാനമില്ലെന്ന് പ്രിയങ്ക പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, 403-ല്‍ വെറും ഏഴു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. മാത്രമല്ല, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലാവട്ടെ ഒരേയൊരു സീറ്റിലും. രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ സ്മൃതി ഇറാനിയോടു പരാജയപ്പെട്ടപ്പോൾ പാർട്ടി അധ്യക്ഷ സോണിയ മാത്രമാണ് കരകയറിയത്.

content highlights: congress will contest all seats alone in uttar pradesh- priyanka gandhi