ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാരെക്കുറിച്ചുള്ള ബിജെപി എംപി തരുണ്‍ വിജയുടെ വംശീയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ ബഹളം. തരുണ്‍ വിജയിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാണോ എന്ന് തരുണ്‍ വിജയ് വ്യക്തമാക്കണമെന്നും ഈ പരാമര്‍ശം നിങ്ങളുടെ ചിന്താഗതി വ്യക്തമാക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ പറഞ്ഞു. തരുണ്‍ വിജയിക്കെതിരെ കേസെടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തരുണ്‍ വിജയിയെ പ്രതിരോധിക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സ്വീകരിച്ചത്. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ജാതിവിവേചനമോ വര്ണവിവേചനമോ ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ലെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് തരുണ്‍ വിജയ് വിവാദ പരാമര്‍ശം നടത്തിയത്. നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കു നേരേയുണ്ടായ ആക്രമണം വംശീയപ്രശ്നമല്ലെന്ന് വിശദീകരിച്ച് 'അല്‍ ജസീറ' ചാനലിന് അഭിമുഖം നല്‍കുന്നതിനിടെയായിരുന്നു ഇത്. ഞങ്ങള്‍ വംശീയവിദ്വേഷമുള്ളവരല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കറുത്തനിറത്തിലുള്ളവരാണ്. വംശീയവാദികളായിരുന്നെങ്കില്‍ ദക്ഷിണേന്ത്യക്കാരോടൊപ്പം എങ്ങനെ ജീവിക്കാനാകും എന്നായിരുന്നു വിജയുടെ വാക്കുകള്‍. അഭിമുഖം കഴിഞ്ഞതോടെ വിജയ്ക്കുനേരേ നവമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഇതോടെ മാപ്പുപറഞ്ഞ് വിജയ് തന്നെ രംഗത്തെത്തി.
ഇന്ത്യയില്‍ പലയിടത്തും പലനിറത്തിലുള്ള ആളുകള്‍ ജീവിക്കുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല-താന്‍ ഉദ്ദേശിച്ചത് ഇതാണ്. എന്നാല്‍, അത് വ്യക്തമാക്കാനായില്ല. എല്ലാവരോടും മാപ്പുചോദിക്കുന്നു -വിജയ് പറഞ്ഞു. വംശീയവിവേചനത്തെ എതിര്‍ക്കുന്നവരാണ് നമ്മള്. ബ്രിട്ടീഷ് ഭരണത്തിനുകീഴില്‍ വംശീയതയുടെ ഇരകളായിരുന്നു നമ്മള് -അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വിജയ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..