തിരിച്ചുവരാന്‍ കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 7-ന്, പ്രധാനനേതാവായി രാഹുല്‍


സ്വന്തം ലേഖകന്‍

Photo: ANI, AP

ന്യൂഡല്‍ഹി: ഏറെക്കാലം നിശബ്ദമായിരുന്നു ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനം. തുടരെയുള്ള തിരഞ്ഞെടുപ്പ് തോല്‍വികള്‍, പ്രധാന നേതാക്കളുടെ മറ്റ് പാര്‍ട്ടികളിലേക്കുള്ള ഒഴുക്ക്, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത എന്നിവയ്ക്കൊപ്പം എം.എല്‍.എമാരെ മറുകണ്ടം ചാടിച്ചുള്ള ബി.ജെ.പി. ഇടപെടലുകളും കോണ്‍ഗ്രസിനെ തളര്‍ത്തി. എന്നാല്‍ കഴിഞ്ഞ കുറച്ച മാസങ്ങളായി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്‌. ഉദയ്പുര്‍ ചിന്തന്‍ ശിബിരം അതിന്റെ തുടക്കമായിരുന്നു.

ഉദയ്പുര്‍ പ്രഖ്യാപനങ്ങളുടെ ഭാഗമായ 'ഭാരത് ജോഡോ യാത്ര' ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഷ്ടപ്രതാപം വീണ്ടും സ്വപ്നം കാണുന്നു കോണ്‍ഗ്രസ്. 12 സംസ്ഥാനങ്ങളിലൂടെ, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെ 150 ദിവസം നടന്ന് ഇന്ത്യയുടെ ഹൃദയം കവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് അഞ്ച് മണിയ്ക്ക് കന്യാകുമാരിയില്‍ നിന്ന് 'ഭാരത് ജോഡോ യാത്ര' തുടങ്ങും.കാല്‍നടയായി 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരിലാണ് സമാപനം. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ച് കൊന്നതിന്റെ വാര്‍ഷിക ദിനത്തില്‍, 2023 ജനുവരി 30-ന് സമാപന സമ്മേളനം. ഈ അഞ്ച് മാസത്തിനിടെ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകള്‍ കഴിയും. ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കും. രണ്ടിടത്തും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരാനുള്ള തന്ത്രങ്ങള്‍ മെനയുന്നതും 'ഭാരത് ജോഡോ യാത്ര' യുടെ ഇടവേളകളിലാകും.

മുദ്രാവാക്യം

രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാം എന്നതാണ് യാത്രയുടെ മുദ്രാവാക്യം. സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം- എന്നിങ്ങനെ രാജ്യം പ്രതിസന്ധി നേരിടുന്ന മൂന്ന് പ്രധാന കാര്യങ്ങളാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ധനികര്‍ വീണ്ടും ധനികരാകുന്നു, എന്നാല്‍ ദരിദ്ര ജനസമൂഹം അതി ദരിദ്രമായ അവസ്ഥയിലേക്ക് തള്ളിയിടപ്പെട്ടു. പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്രോണി കാപ്പിറ്റലുകള്‍ക്ക് ചെറിയ വിലയ്ക്ക് നല്‍കുന്നു. ഇവയാണ് ഭാരത യാത്ര നടത്താനുള്ള സാമ്പത്തിക കാരണമായി കോണ്‍ഗ്രസ് വിശദീകരിക്കുന്നത്.

രാജ്യത്തെ മതപരവും ജാതീയവും ഭാഷാപരവും വസ്ത്രത്തിന്റേയും ഭക്ഷണത്തിന്റേയും പേരില്‍ വിഭജിക്കുന്നു. ഓരോ ദിവസവും ഒരു ഇന്ത്യക്കാരന്‍ മറ്റൊരു ഇന്ത്യക്കാരനുമായി തര്‍ക്കത്തിലും കുഴപ്പത്തിലും ഏര്‍പ്പെടാന്‍ പുതിയ കാരണങ്ങളുണ്ടാക്കുന്നു. ഭിന്നിച്ച് നില്‍ക്കുന്ന സമൂഹത്തിന് ശക്തിയാര്‍ജ്ജിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാണ് യാത്രയുടെ സാമൂഹ്യമായ ഈ കാരണങ്ങളെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്.

ഭരണഘടനാ മൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെടുന്നു, പ്രതിഷേധ ശബ്ദങ്ങളെ നിശബ്ദമാക്കുന്നു, ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുന്നു, ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നു, രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും ഇല്ലാതാക്കുന്നു, ജനങ്ങള്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളേയും പണത്തേയും ആയുധമാക്കുന്നു, പിരിക്കുന്ന നികുതി ആനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല, ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും അനുഭവിക്കാന്‍ കഴിയുന്നില്ല എന്നിവ യാത്ര നടത്താനുള്ള രാഷ്ട്രീയ കാരണമായി കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

യാത്രാവഴി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വളണ്ടിയര്‍മാരാണ് യാത്രയിലെ സ്ഥിരാംഗങ്ങള്‍. അതത് സംസ്ഥാനങ്ങളില്‍നിന്ന് ചേരുന്ന 200 താല്‍ക്കാലിക അംഗങ്ങള്‍ ഉള്‍പ്പെടെ ഓരോ ദിവസവും 300 അംഗങ്ങള്‍ ജാഥയിലുണ്ടാകും.

സാമൂഹിക പ്രവര്‍ത്തകകരും കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എഴുത്തുകാരും സാധാരണ ജനങ്ങളുമെല്ലാം ജാഥയില്‍ വിവിധയിടങ്ങളില്‍ അണിചേരും എന്ന് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ അറിയിച്ചു. തിങ്കളാഴ്ച ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ യാത്രയുമായി ബന്ധപ്പെട്ട് ചേര്‍ന്ന കോണ്‍ക്ലേവില്‍ രാജ്യത്താകെയുള്ള 150 സംഘടനകളുടെ പ്രതിനിധികള്‍ എത്തി. ചില സമാജ് വാദി, ലോഹ്യാവാദി സംഘടനകള്‍ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാന യാത്രയ്ക്ക് പുറമെ ഉപജാഥകളും ഉണ്ടാകും. ഭരണഘടനയുടെ കോപ്പി കയ്യിലേന്തി സംസ്ഥാനങ്ങളില്‍ ഭരണഘടനാ സംരക്ഷണ യാത്രകള്‍ നടത്തും. പ്രത്യേക സ്ഥലങ്ങളില്‍ ഈ യാത്രകള്‍ ഭാരത് ജോഡോ യാത്രയില്‍ ചേരും. കേരളം, കര്‍ണാടക, മധ്യപ്രദേശ്, തെലങ്കാന രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മഹാ റാലികള്‍. കേരളത്തില്‍ പാലക്കാടും കൊച്ചിയിലും വലിയ സ്വീകരണം ഉണ്ടാകും. പിന്നീട് നിലമ്പൂര്‍ വഴി കര്‍ണാടകയിലേയ്ക്ക് ജാഥ കടക്കും.

ജാഥയെ ആര് നയിക്കും എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എങ്കിലും രാഹുല്‍ ഗാന്ധിയുടെ പേര് മാത്രമാണ് പങ്കെടുക്കുന്ന പ്രധാന നേതാവായി നോട്ടീസില്‍ നല്‍കിയത്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

ഈ വര്‍ഷം അവസാനം ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും തിരഞ്ഞെടുപ്പ് നടക്കും. ഭരണപക്ഷത്തുള്ള ബി.ജെ.പി. മാത്രമല്ല എതിരാളി, രണ്ടിടത്തും സജീവമായി രംഗത്തുള്ള ആം ആദ്മി പാര്‍ട്ടി ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. യാത്രയുടെ സമയമാണെങ്കിലും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രണ്ട് സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തും. ഇതിന് മുന്‍പ് തന്നെ പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കും.

Content Highlights: congress to start bharat jodo yathra from september seven


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented