നരേന്ദ്ര മോദി| Photo: ANI
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി എട്ടുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ വിവിധ മേഖലകളിലെ പരാജയങ്ങളെ ചൂണ്ടിക്കാണിച്ചുള്ളതാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനും രണ്‍ദീപ് സിങ് സുര്‍ജേവാലയും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിടുമെന്ന് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. മേയ് മുപ്പതിനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികദിനം.
എ.ഐ.സി.സിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞുവെന്നാണ് സൂചന. സമ്പദ് വ്യവസ്ഥ, വിദേശനയം, സാമുദായിക ഐക്യം, പണപ്പെരുപ്പം തുടങ്ങി വിവിധ മേഖലകളിലെ മോദി സര്‍ക്കാരിന്റെ പരാജയങ്ങളും പ്രകടനവും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്.
Also Read
തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കിലാണ്, 45 കൊല്ലത്തെ റെക്കോഡ് മറികടന്നുകഴിഞ്ഞു. വിലക്കയറ്റം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് അവശ്യവസ്തുക്കളുടേത്. പെട്രോളിന്റെയും ഡീസലിന്റെയും വില ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലാണ്. ഡോളറിനെതിരേയുള്ള രൂപയുടെ മൂല്യമാകട്ടെ ചരിത്രത്തിലെ തന്നെ താഴ്ന്ന നിലയിലും. രാജ്യത്തിന്റെ ഫോറിന്‍ റിസര്‍വും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്- കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സാമുദായിക ഐക്യം, കോവിഡ് 19 കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളും കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് കാര്‍ഡിലുണ്ട്.
Content Highlights: congress to release report card on narendra modi governments eightth anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..