റായ്പുര്‍: കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്ന ന്യായ് പദ്ധതി സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനൊരുങ്ങി ചത്തീസ്ഗഢ് സര്‍ക്കാര്‍. 

ജനങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് (ന്യൂന്‍തം ആയ് യോജന)പദ്ധതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അധികാരത്തിലെത്തിയാല്‍, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുമെന്നായിരുന്നു ന്യായ് പദ്ധതിയിലൂടെ കോണ്‍ഗ്രസ് അവകാശപ്പെട്ടത്. 

പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ന്യായ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേല്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട 20 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

content highlights: congress to launch nyay pilot project in chattisgarh