പ്രിയങ്ക ഗാന്ധി | Photo: PTI
ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ ഓരോ വീട്ടമ്മമാര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കുമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സംഘടിപ്പിച്ച 'നാ നായഗി' എന്ന വനിതാ കണ്‍വെന്‍ഷനിലാണ് പദ്ധതിയുടെ പ്രഖ്യാപനം. ഗൃഹലക്ഷ്മി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഒന്നരക്കോടിയിലധികം വീട്ടമ്മമാര്‍ക്ക് പ്രയോജനകരമാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ കുടുംബങ്ങള്‍ ശാക്തീകരിക്കപ്പെടുമെന്നും അതുവഴി രാഷ്ട്രം തന്നെ പുരോഗതിയാര്‍ജ്ജിക്കുമെന്നും കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്ന പ്രിയങ്ക ഗാന്ധി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രിയങ്ക ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് എന്തു മാറ്റമാണുണ്ടായതെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിഞ്ഞെന്നും ചോദിച്ചു. കര്‍ണാടകയില്‍ ഒന്നര ലക്ഷം കോടി രൂപയാണ് അഴിമതിയിലൂടെ നഷ്ടപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. ബെംഗളൂരു ഉള്‍പ്പടെ കര്‍ണാടകയിലെ പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നും അതിനെതിരെ സര്‍ക്കാര്‍ എന്താണ് ചെയ്തത്. തൊഴില്‍ നല്‍കുക എന്നതിലുപരി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ഈ സര്‍ക്കാരിനു താത്പര്യം. ചില ബിസിനസ്സ് വമ്പന്മാരെ പ്രീതിപ്പെടുത്തുന്നതില്‍ മാത്രമാണ് ബിജെപിയുടെ ശ്രദ്ധ.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകര്‍ക്കു ലോണ്‍ നല്കി. ഐടി മേഖല ശക്തിപ്പെട്ടതും കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. കോണ്‍ഗ്രസ് സ്ത്രീകള്‍ക്കായി ഒരു പ്രകടന പത്രിക തയ്യാറാക്കിയപ്പോള്‍ പലരും കളിയാക്കി. എന്നാല്‍ അതിനു പിന്നാലെയാണ് പല രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് പ്രതിമാസം രണ്ടായിരം രൂപ വീതം വീട്ടമ്മമാര്‍ക്കു നല്‍കും. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും എല്ലാ വീടുകളിലും നല്‍കും. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിലെങ്കിലും നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കണം. പ്രിയങ്ക പറഞ്ഞു.
Content Highlights: congress to give 2000 rupees to housewives priyanka gandhi launches new scheme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..