ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ കാമ്പെയ്ന് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. സ്പീക്കപ്പ് ഫോർ വാക്സിൻസ് ഫോർ ആൾ (#SpeakUpForVaccinesForAll) എന്ന ഹാഷ്ടാഗിലാണ് കോൺഗ്രസ് കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിർമിക്കുന്ന കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്നതിലൂടെ രാജ്യത്ത് അനുഭവപ്പെട്ട വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചിരുന്നു. അതിന് പിറകേയാണ് കോൺഗ്രസ് കാമ്പെയ്ന് തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ 45 വയസ്സിന് മുകളിലുളളവർക്കാണ് രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നത്.

കോവിഡ് കേസുകളിലുണ്ടായ വർധനവ് രാജ്യത്തെ അനിശ്ചിതത്വത്തിലേക്ക് നയിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 'വാക്സിൻ കയറ്റുമതി ചെയ്ത് രാജ്യത്ത് കേന്ദ്രം വാക്സിൻ ക്ഷാമം സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്തത്. തന്മൂലം രാജ്യത്തെ നിരവധി വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആഴ്ചകളോളം വാക്സിൻ സ്റ്റോക്കില്ലാതിരുന്നു.ഒരു നിശ്ചിത സമയത്തിനുളളിൽ രാജ്യത്തെ എല്ലാപൗരന്മാർക്കും വാക്സിൻ നൽകണമെന്ന് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി കോൺഗ്രസ് ആവശ്യപ്പെടുകയാണ്. വാക്സിൻ കയറ്റുമതി ചെയ്യുന്നത് ഉടൻ നിരോധിക്കണം' രാഹുൽ ഗാന്ധി പറഞ്ഞു.

വാക്സിൻ കയറ്റമതിയെ വിമർശിച്ച് നേരത്തേയും രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. പ്രസിദ്ധി നേടാനുളള ശ്രമമാണ് വാക്സിൻ കയറ്റുമതിയിലൂടെ കേന്ദ്രത്തിന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

സ്പീക്കപ്പ് ഫോർ വാക്സിൻസ് ഫോർ ആൾ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ വാക്സിന് വേണ്ടിയുളള ആവശ്യം ശക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Content Highlights:Congress starts an online campaign to seek vaccine for all Indians