പനജി: ഗോവയില്‍ സര്‍ക്കാരുണ്ടാക്കുന്നതിന് അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായ സാഹചര്യത്തില്‍ ബിജെപി പുതിയ മുഖ്യമന്ത്രിയെ തേടുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ നീക്കം. 

സര്‍ക്കാരുണ്ടാക്കുന്നതിന് അവസരം ചോദിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഗോവയില്‍ കോണ്‍ഗ്രസിന് 14 എംഎല്‍എമാരാണുള്ളത്. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവസരം ലഭിച്ചിട്ടില്ലെന്നും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ മറ്റൊരു മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി ബിജെപിയുടെ കേന്ദ്ര സംഘം എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോവയില്‍ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പിന് ഭീഷണിയില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംലാല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Content Highlights: Congress, BJP, Government, Goa, manohar pareekar