ന്യൂഡല്‍ഹി: വിദേശ ഏജന്‍സികളെ വാടകയ്‌ക്കെടുത്ത് കള്ളം പ്രചരിപ്പിക്കുകയും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിക്കുകയുമാണെന്ന് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ ഈ സംസ്‌കാരം അവസാനിപ്പിക്കാതെ രാഷ്ട്രീയ വിശുദ്ധി വരില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുമായും നേതാക്കളുമായും 'നരേന്ദ്ര മോദി ആപ്പി'ലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ നുണപ്രചാരണം പരാജയപ്പെടുത്താന്‍ ജനങ്ങളെ നേരിട്ട് ബന്ധപ്പെടണമെന്നും മോദി നേതാക്കളെ ഉപദേശിച്ചു. 

കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാകും. തിരഞ്ഞുടുപ്പിന് മുമ്പ് ഒരു സമുദായത്തിന് ലോലിപോപ്പ് നല്‍കും, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അത് മറക്കും. ചില സമുദായങ്ങളുടെ വികാരം തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി ചൂഷണം ചെയ്യുക എന്നത് കോണ്‍ഗ്രസിന്റെ രീതിയാണ്. 

പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രധാന്യവും അവര്‍ നല്‍കില്ല. സമൂഹത്തെ വിഭജിക്കുന്നതില്‍ രസിച്ച് കൊണ്ടിരിക്കുകയാണ് അവര്‍. കോണ്‍ഗ്രസ് സംസ്‌കാരം മുഖ്യധാരയില്‍ നിന്ന് ഇല്ലാതാക്കുന്നത് വരെ രാജ്യത്ത് രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ലെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കപട പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീഴരുത്. നേരത്തെ അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ അഞ്ച് മുതല്‍ പത്ത് വരെ കള്ളങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത് അമ്പത് വരെയായിട്ടുണ്ട്. വികസനത്തെ കുറിച്ച് സംസാരിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ മടിക്കുകയാണ്. വികസന മോഡലുകള്‍ ചൂണ്ടിക്കാട്ടി മാത്രമാണ് ബിജെപി തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.