ന്യൂഡല്‍ഹി: കോവിഡ് പോരാട്ടത്തിനെതിരെ അസാധാരണമായ താല്‍പര്യത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിനോടുള്ള എതിര്‍പ്പ് വര്‍ധിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് സാഹചര്യത്തെ നേരിടുന്നത് സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തിന് മറുപടിയായാണ് ഹര്‍ഷവര്‍ധന്റെ  ആരോപണം.

ആകെ വാക്‌സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്ര ശതമാനംപേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നു എന്നാണ് നോക്കേണ്ടതെന്ന മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം ശരിയാണ്. കോവിഡിനെതിരായ പോരാട്ടം എല്ലാവരും ഒരുപോലെ ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യം താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കളെയും ഉപദേശിക്കണമെന്നും ഹര്‍ഷ വര്‍ധന്‍ മന്‍മോഹന്‍ സിങ്ങിനെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. 

കോവിഡിന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ സുപ്രധാന മാര്‍ഗമാണെന്ന് മന്‍മോഹന്‍ സിങ്ങിന് അറിയാം. എന്നാല്‍ താങ്കളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും പാര്‍ട്ടിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന നേതാക്കള്‍ക്കും ഈ അഭിപ്രായമല്ല ഉള്ളത്. വാക്‌സിനുകളുടെ കാര്യക്ഷമതയെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അവര്‍ അസാധാരണമായ താല്‍പര്യമാണ് കാണിക്കുന്നത്. അതിലൂടെ ജനങ്ങളില്‍ വാക്‌സിന്‍ വിരുദ്ധത വളര്‍ത്തുകയാണെന്നും ജനങ്ങളുടെ ജീവന്‍കൊണ്ട് കളിക്കുകയാണെന്നും ഹര്‍ഷ വര്‍ധന്‍ ആരോപിച്ചു.

ആകെ വാക്‌സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്രശതമാനംപേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നു എന്നാണ് നോക്കേണ്ടതെന്ന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ''രാജ്യത്തെ ആകെ ജനങ്ങളില്‍ വളരെ ചെറിയൊരു ശതമാനത്തിനുമാത്രമേ ഇപ്പോള്‍ വാക്‌സിന്‍ നല്‍കിയിട്ടുള്ളൂ. ശരിയായ നയരൂപവത്കരണത്തിലൂടെ വാക്‌സിനേഷന്‍ ഇതിലും മെച്ചപ്പെടുത്താനും വേഗത്തിലാക്കാനും കഴിയും. മഹാമാരിക്കെതിരേ പോരാടാന്‍ ഒട്ടേറെക്കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും. പക്ഷേ, ഏറ്റവും പ്രധാനം വാക്‌സിനേഷന്‍ കൂട്ടുക എന്നതാണ്'' -അദ്ദേഹം പറഞ്ഞു.

എത്ര വാക്‌സിന് ഓഡര്‍ നല്‍കിയിട്ടുണ്ട്, അടുത്ത ആറുമാസത്തിനുള്ളില്‍ നല്‍കാനായി എത്ര വാക്‌സിന്‍ കിട്ടിയിട്ടുണ്ട് എന്നീ കാര്യങ്ങള്‍ കേന്ദ്രം പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് എന്തൊക്കെ ശ്രമങ്ങള്‍ വേണമെന്നു ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്തതിനു പിറ്റേന്നാണ് മന്‍മോഹന്റെ കത്ത്.

Content Highglights: Congress spreading falsehoods about COVID with extraordinary interest- Harsh Vardhan