ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് പി. ചിദംബരം പറഞ്ഞതിന് പിന്നാലെ കടുത്ത വിമര്‍ശമുന്നയിച്ച് ബിജെപി രംഗത്ത്. കോണ്‍ഗ്രസ് വിഘടനവാദികളുടെ ഭാഷ സംസാരിക്കുന്നുവെന്ന് ആരോപിച്ച ബിജെപി ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ അക്കാര്യം ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. 

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പ്രയോഗിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നീക്കത്തെ ജനങ്ങള്‍ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ജമ്മു കശ്മീരിലും ലഡാക്കിലും എത്രമാത്രം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആളുകള്‍ കണ്ടുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വിഘടനവാദികള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് വിലപിക്കുന്നത്. കോണ്‍ഗ്രസ് ഒരു ഇടുങ്ങിയ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും അതിനാലാണ് രാജ്യത്തെ ജനങ്ങളുടെ വികാരത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. 

ജമ്മു കശ്മീരിലെ ജനങ്ങളുടെ പദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കുന്നതിനായി കോണ്‍ഗ്രസ് ദൃഢനിശ്ചയത്തോടെ നിലകൊള്ളുന്നുവെന്നും 2019 ഓഗസ്റ്റ് അഞ്ചിലെ മോദി സര്‍ക്കാരിന്റെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും മുതിര്‍ന്ന നേതാവ് പി ചിദംബരം വെള്ളിയാഴ്ച പറഞ്ഞിരുന്നു.

Content Highlights: Congress Speaking Language Of "Separatists": Prakash Javadekar On Article 370 Remark