പ്രശാന്ത് കിഷോർ| Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമൂലപരിഷ്‌കരണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഏഴ്-എട്ട് അംഗങ്ങളുള്ള ഉന്നതാധികാരസമിതിയെ രണ്ടുദിവസത്തിനുള്ളില്‍ അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിക്കും. മുതിര്‍ന്നനേതാക്കളില്‍ ചിലരുടെ എതിര്‍പ്പു തുടരുകയാണെങ്കിലും രാഷ്ട്രീയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിപരിഷ്‌കരണ നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാനും ധാരണയായി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ മേയ് 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പുരില്‍ ചിന്തന്‍ശിബിരം ചേരും.
പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദേശങ്ങളെക്കുറിച്ച് പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദചര്‍ച്ച ശിബിരത്തില്‍ നടക്കും. രാജ്യത്തെമ്പാടുനിന്നുമുള്ള 420-ഓളം അംഗങ്ങള്‍ ശിബിരത്തില്‍ പങ്കെടുക്കും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ (രാഷ്ട്രീയം), സല്‍മാന്‍ ഖുര്‍ഷിദ് (സാമൂഹികനീതി-ശാക്തീകരണം), പി. ചിദംബരം (സാമ്പത്തികം), മുകുള്‍ വാസ്നിക് (സംഘടന), ഭൂപീന്ദര്‍ സിങ് ഹൂഡ (കൃഷി), അമരീന്ദര്‍ സിങ് വാറിങ് (യുവശാക്തീകരണം) എന്നിവര്‍ കണ്‍വീനര്‍മാരായുള്ള സമിതികള്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി വിശദപഠനം നടത്തും.
'പി.കെ.'യുടെ കാര്യത്തില്‍ ഭിന്നത തുടരുന്നു
പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമോ എന്ന കാര്യം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല സമിതി യോഗത്തില്‍ ഭിന്നത. ഇക്കാര്യം പരിശോധിച്ച സമിതിയില്‍ നാലുപേര്‍ പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ മറ്റു നാലുപേര്‍ എതിര്‍ത്തതായാണ് അറിയുന്നത്.
പ്രിയങ്കാ ഗാന്ധി, അംബികാ സോണി എന്നിവരാണ് അനുകൂലമായുള്ളത്. കെ.സി. വേണുഗോപാലും എ.കെ. ആന്റണിയും ചില വിഷയങ്ങളില്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും പൊതുവേ അനുകൂല നിലപാട് സ്വീകരിച്ചു.
Content Highlights: Congress Prashant Kishore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..