ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന സമരക്കാര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോണ്‍ഗ്രസാണ് വീഡിയോ പുറത്തുവിട്ടത്. ഞായറാഴ്ച നടന്ന സംഭവത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും നാല് കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമരം ചെയ്യുന്ന കര്‍ഷകരുടെ പിന്നിലൂടെ എത്തിയ വാഹനം അവര്‍ക്കുമേല്‍ ഇടിച്ചുകയറുന്നത് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ നല്‍കിയ വിവരണങ്ങളോട് യോജിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങള്‍.

പിന്നിലൂടെ എത്തിയ വാഹനം സമരക്കാര്‍ക്കുനേരെ ഇടിച്ചു കയറിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനമാണ് പ്രക്ഷോഭകര്‍ക്കുനേരെ പാഞ്ഞുകയറിയത് എന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിയും മകനും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുപോലും ഇല്ലായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആശിഷിനെതിരെ കേസെടുത്തിട്ടുണ്ട്.

സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 45 ലക്ഷം രൂപയും വീട്ടിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പരിക്കേറ്റവര്‍ക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും ഉറപ്പുനല്‍കി. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി രാപകല്‍ നീണ്ട കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കര്‍ഷകര്‍ക്കിടയിലേയ്ക്കു കാറിടിച്ചു കയറ്റിയതായി ആരോപണമുള്ള, കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരേ കൊലക്കുറ്റവും മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുത്തു. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. അതിനിടെ, കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ വീഴരുതെന്നും അന്വേഷണ റിപ്പോര്‍ട്ടിനു കാത്തിരിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

അതിനിടെ, കൊല്ലപ്പെട്ട നാല് കര്‍ഷകരും രക്തം വാര്‍ന്നാണ് മരിച്ചതെന്ന് പോസ്റ്റുംമോര്‍ട്ടത്തില്‍ വ്യക്തമായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കര്‍ഷകരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റ പാടുകളില്ല. നക്ഷത്ര സിങ്, ദില്‍ജീത്ത് സിങ്, ലവ്പ്രീത് സിങ്, ഗുര്‍വിന്ദര്‍ സിങ് എന്നിവരാണ് മരിച്ച കര്‍ഷകര്‍. 18 വയസുള്ള ലവ് പ്രീത് സിങ്ങിന്റെ ശരീരത്തില്‍ വലിച്ചിഴയ്ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മുറിവുകളുണ്ട്. വാഹനത്തില്‍ സഞ്ചരിച്ച ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ട മറ്റ് നാലുപേര്‍. സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റാണ് ഇവര്‍ നാല് പേരും മരിച്ചത്‌. ഇവരുടെ മൃതദേഹങ്ങളില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

അനധികൃതമായി തടഞ്ഞുവച്ചിരിക്കുന്നുവെന്ന് പ്രിയങ്ക

ലഖിംപുര്‍ ഖേഡി സന്ദര്‍ശിക്കാന്‍ പോയ തന്നെ 24 മണിക്കൂറില്‍ ഏറെയായി അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. സമരക്കാര്‍ക്കുനേരെ വാഹനം ഓടിച്ചുകയറ്റുന്ന വീഡിയോ ട്വീറ്റ് ചെയ്ത അവര്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ എന്തുകൊണ്ടാണ് പുറത്താക്കാത്തതെന്ന്‌ ആരാഞ്ഞു. സംഭവത്തെപ്പറ്റി പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. നിങ്ങളുടെ സര്‍ക്കാര്‍ 28 മണിക്കൂറില്‍ ഏറെയായി തന്നെ എഫ്‌ഐആര്‍ പോലുമില്ലാതെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കുമേല്‍ വാഹനം ഓടിച്ചു കയറ്റിയ ആളെ അറസ്റ്റുചെയ്യാത്തത് എന്താണെന്നും പ്രിയങ്ക ചോദിച്ചു.

Content Highlights: Congress shares video showing vehicle running over farmers