രാഹുൽ ഗാന്ധി ജയ്‌റാം രമേശിനൊപ്പം. കർണാടകയിൽ കോൺഗ്രസ് നേടിയ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നു | Photo : PTI
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിന് കാരണമായത് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ ഭാരത് ജോഡോ യാത്രയാണെന്ന് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്രയില്‍ നിന്ന് പാര്‍ട്ടിക്കുണ്ടായ നേട്ടത്തെ ഒരു റിപ്പോര്‍ട്ട് കാര്‍ഡിലൂടെ കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയില്‍ കര്‍ണാടകയിലൂടെ രാഹുല്‍ ഗാന്ധി നടന്നുനീങ്ങിയ 99 ശതമാനം സീറ്റുകളിലും കോണ്‍ഗ്രസിന് വിജയം നേടാനായതായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടിക്കുണ്ടായ നേട്ടത്തില്‍ രാഹുലിന് നന്ദിയറിക്കുന്നതായും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലേത് വലിയൊരു വിജയമാണെന്നും ഈ വിജയത്തിലൂടെ രാജ്യത്തിന് നവോന്മേഷം ലഭിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് യോഗത്തില്‍ ഖാര്‍ഗെ പറഞ്ഞു.
''കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുന്ന ബിജെപി കോണ്‍ഗ്രസ് മുക്ത ഭാരതം നിര്‍മിക്കുമെന്ന് പറഞ്ഞു. എന്നാലിപ്പോള്‍ ബിജെപി മുക്ത ദക്ഷിണേന്ത്യ യാഥാര്‍ഥ്യമായിരിക്കുകയാണ്. അഹന്തയുമായി ഒരിക്കലും ദീര്‍ഘകാലം മുന്നോട്ടുപോകാനാവില്ല. ഇത് ജനാധിപത്യമാണ്, ജനങ്ങള്‍ പറയുന്നതിന് നാം ചെവികൊടുക്കേണ്ടതുണ്ട്. ഇത് ആരുടേയും സ്വകാര്യ വിജയമല്ല, മറിച്ച് ഒരു സംസ്ഥാനത്തിലെ മുഴുവന്‍ ജനങ്ങളുടേയും വിജയമാണ്. അവര്‍ തീരുമാനിച്ചു, തിരഞ്ഞെടുത്തു. അങ്ങനെയാണ് 36 കൊല്ലത്തിനുശേഷം നമുക്ക് 136 സീറ്റുകള്‍ ലഭിച്ചത്'', ഖാര്‍ഗെ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ സഹായിച്ചതായും അതിലൂടെ വന്‍വിജയം നേടാനായതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്
ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ ജനങ്ങളുമായി രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കുകയും അതിലൂടെ ജനങ്ങള്‍ക്ക് നല്‍കേണ്ട വാഗ്ദാനങ്ങളില്‍ തീരുമാനമെടുക്കാനും പ്രകടനപത്രിക തയ്യാറാക്കാനും സാധിച്ചതായി ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Congress Shares Bharat Jodo Yatra's Karnataka Scorecard Says Direct Impact
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..