ന്യൂഡല്‍ഹി : ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാകിസ്താനും ഐ.എസ്.ഐയുമായി മഹാസഖ്യമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങളും സുരക്ഷയും ഒറ്റുകൊടുത്തെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
 
ഐ.എസ്.ഐയെ പഠാന്‍കോട്ട് സൈനികതാവളത്തിലേക്ക് 'ക്ഷണിച്ചതിന്' പ്രധാനമന്ത്രിയും ബി.ജെ.പി പ്രസിഡന്റും രാജ്യത്തോട് മാപ്പ് പറയണം. ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യവും നെഞ്ചുറപ്പും കാരണമാണ് പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്. അതുപയോഗിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കരുത്.
 
ഇന്ത്യന്‍ പ്രധാനമന്ത്രിമാരിൽ ഐ.എസ്.ഐയുടെ ഏറ്റവും പ്രിയപ്പെട്ട ആള്‍ നരേന്ദ്ര മോദിയാണെന്ന് ഐ.എസ്.ഐ മുന്‍ തലവന്‍ ആസ്സാദ് ദുരാനി പറഞ്ഞിരുന്നു. മോദിക്കും അമിത് ഷായ്ക്കും ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. 
 
പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കുന്നതില്‍ പാകിസ്താന്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്നാണ് 2016 മാര്‍ച്ച് 30ന് അമിത് ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞത്. ഐ.എസ്.ഐക്ക് ഈ അഭിനന്ദനത്തിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്തിനാണെന്ന് അമിത് ഷാ വ്യക്തമാക്കണം.
 
ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെയും ത്യാഗത്തയും കോണ്‍ഗ്രസ് അഭിവാദ്യം ചെയ്യുന്നു. രാജ്യവും സൈന്യത്തിന്റെ ത്യാഗ മനോഭാവത്തെയും സഹനശക്തിയെയും വിലമതിക്കുന്നുണ്ട്. വിവിധ കാലഘട്ടങ്ങളില്‍ നടന്ന യുദ്ധങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയുടെ തെളിവുകളാണ്.
 
ഇന്ത്യന്‍ സൈനികരുടെ ചോരയും ജീവത്യാഗവും വോട്ട് നോടാനുള്ള മാര്‍ഗമായാണ് ബി.ജെ.പിയും പ്രധാനമന്ത്രിയും ഉപയോഗിച്ചു പോരുന്നത്. രാഷ്ട്രീയ ഇടപെടലുകളുടേയും നയങ്ങളുടെയും അഭാവം അതിര്‍ത്തി പ്രശ്‌നങ്ങളിലേക്കും ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളിലേക്കും നയിച്ചു. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ മൂവായിരത്തോളം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടത്തിയപ്പോള്‍ എവിടെയായിരുന്നു 56 ഇഞ്ച് നെഞ്ചെന്നും സുര്‍ജേവാല ചോദിച്ചു.
ജവാന്‍മാരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ വികൃതമാക്കിയിട്ടും മോദി സര്‍ക്കാര്‍ ഒരു നോക്കുകുത്തിയായി തുടര്‍ന്നുവെന്നും രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
 
content highlights: Congress Says PM, Amit Shah Have Alliance With ISI