ന്യൂഡല്‍ഹി: കേരളത്തിന് വൈകി വന്ന 500 കോടിയുടെ കേന്ദ്ര സഹായം തീരെ ചെറുതാണെന്നും സഹായം നല്‍കുന്നതില്‍ പ്രധാനമന്ത്രിക്ക് 'വിശാല ഹൃദയനാകാ'മെന്നും കോണ്‍ഗ്രസ് നേതാവ് ജയ്വീര്‍ ഷെര്‍ഗില്‍. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തോടുള്ള സമീപനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഷെര്‍ഗില്‍ പറഞ്ഞു. 

കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ച ഷെര്‍ഗില്‍ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപരിയായി കേരളത്തിലെ ദുരന്തനിവാരണത്തിന് വിശാല സമീപനം സ്വീകരിച്ച് ആവശ്യമായ സഹായങ്ങളെത്തിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 

19,000 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനത്തിന് 500 കോടി രൂപ മാത്രം അനുവദിച്ച പ്രധാനമന്ത്രിയുടെ നിലപാട് ശരിയല്ല. സ്വന്തം പ്രചാരണത്തിന് വേണ്ടി 5,000 കോടിയും ഫിറ്റ്നസ് വീഡിയോ ചിത്രീകരിക്കാന്‍ 35 കോടിയും ബി. ജെ.പി ആസ്ഥാനത്തിന് 1,100 കോടിയും ചെലവഴിച്ച പ്രധാനമന്ത്രി കേരളത്തോട് ഇത്തരം സമീപനം സ്വീകരിക്കുന്നത് നല്ലതല്ല -  ഷെര്‍ഗില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Kerala floods: Congress says Centre's aid of Rs 500 crore to state is 'too little, too late', asks Narendra Modi to show 'large-heartedness'