ജയ്പുര്‍: എഴുപതു വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ നല്‍കിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാന്‍ സന്ദര്‍ശിക്കുന്ന അമിത് ഷാ, പാലിയില്‍ നടന്ന ഒബിസി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 

കോണ്‍ഗ്രസ് ഒരിക്കലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ഒന്നും ചെയ്തില്ല. എന്നാല്‍ എല്ലാ ജാതിക്കാര്‍ക്കും സമുദായങ്ങള്‍ക്കും വേണ്ടിയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം. പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമായാണെന്നും അമിത് ഷാ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയുടെ പിതാവ്, മുത്തശ്ശി, പിതാവ്, മാതാവ് എന്നിവര്‍ കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യ ഭരിച്ചു. എന്നിട്ടും അവര്‍ക്ക് പാവപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും അവരുടേതായ അവകാശങ്ങളോ നീതിയോ ഉറപ്പുവരുത്താനായില്ല. രാജ്യത്തെ എല്ലാവര്‍ക്കും വികസനത്തിനുള്ള അവസരങ്ങള്‍ ലഭ്യമാകണം. ഏതെങ്കിലും പ്രത്യേക സമുദായത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരാകരുത് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്ലാവര്‍ക്കും വികസനം എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനില്‍ രണ്ടാംവട്ട സന്ദര്‍ശനമാണ് അമിത് ഷാ നടത്തുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങളില്‍ അദ്ദേഹം സമ്മേളനങ്ങളില്‍ പ്രസംഗിക്കും.

Content Highlights: Congress, backward class, Amit Shah, BJP, Narendra Modi, Rahul Gandhi