ജയറാം രമേഷ്, കെ.സി. വേണുഗോപാൽ | Photo: PTI
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് ദീപം കൊളുത്തി പ്രതിഷേധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചെങ്കോട്ടയില്‍ നിന്ന് ടൗണ്‍ഹാളിലേക്കാണ് മാര്‍ച്ച്. മുഴുവന്‍ കോണ്‍ഗ്രസ് എം.പിമാരും നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജയറാം രമേഷും അറിയിച്ചു.
സംഘടനയുടെ വിവിധ തലങ്ങളില്‍ ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജയ് ഭാരത് സത്യാഗ്രഹ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം ബുധനാഴ്ച ആരംഭിക്കും. ദേശീയ തലത്തിലെ സത്യാഗ്രഹം ഏപ്രില്‍ എട്ടിന് സമാപിക്കും. തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ 20 വരെ ജില്ലാതലത്തിലും ഏപ്രില്‍ 20 മുതല്‍ 30 വരെ സംസ്ഥാന തലത്തിലും സത്യാഗ്രഹം നടത്തും. ജില്ലാ ആസ്ഥാനത്ത് നടത്തുന്ന സത്യാഗ്രഹത്തില്‍ കളക്ടറേറ്റ് ഘൊരാവോ ചെയ്യാനും ആഹ്വാനമുണ്ട്. സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളെ ക്ഷണിക്കാന്‍ ഡി.സി.സികള്‍ക്ക് നിര്‍ദേശമുണ്ട്. സംസ്ഥാന തലത്തിലെ സത്യഗ്രഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഒരുദിവസം നിരാഹാരമിരിക്കും. ഇതിലും മറ്റ് പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടാവും.
ബുധനാഴ്ചയും ഏപ്രില്‍ ഒന്നിനും സംഘടനയുടെ എസ്.സി./ എസ്.ടി./ ഒ.ബി.സി/ ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അംബേദ്കര്‍- ഗാന്ധി പ്രതിമകളുടെ മുമ്പില്‍ പ്രതിഷേധം നടത്തും. ഏപ്രില്‍ മൂന്നിന് യൂത്ത് കോണ്‍ഗ്രസിന്റേയും എന്‍.എസ്.യു.ഐയുടേയും നേതൃത്വത്തില്‍ പോസ്റ്റ്കാര്‍ഡ് പ്രതിഷേധവും മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധവും അരങ്ങേറും.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്ക് പുറമേ, മോദി- അദാനി സഖ്യത്തെ തുറന്നുകാട്ടുന്നതുമായിരിക്കും പ്രതിഷേധങ്ങളെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു. അദാനിക്കെതിരായ വിമര്‍ശനങ്ങളൊന്നും കേള്‍ക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ തയ്യാറാവുന്നില്ല. തങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ലെങ്കില്‍ എന്തുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് കേന്ദ്രം തയ്യാറാവാത്തതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: congress rahul gandhi satyagraha adani row
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..