ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദേശീയ സുരക്ഷയില്‍ മോദിസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. അരുണാചല്‍ അതിര്‍ത്തിക്ക് സമീപം സ്ഥാപിക്കപ്പെട്ട ചൈനീസ് ഗ്രാമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു. 

"എന്തിനാണ് ഇന്ത്യ ചൈനയില്‍ നിന്നുള്ള ഇത്തരം നീക്കങ്ങളെ സഹിഷ്ണുതയോടെ നിരീക്ഷിക്കുന്നത്. ഇത്തരം ചൈനീസ് നീക്കങ്ങള്‍ തടയാന്‍ ഇന്ത്യ ഒന്നും ചെയ്യുന്നുമില്ല. പുകമറയ്ക്കുള്ളില്‍ ഒളിക്കാതെ പ്രധാനമന്ത്രി മോദി ജനങ്ങളുടെ ആശങ്കകള്‍ക്ക് ഉത്തരം നല്‍കണം. ധീരസൈനികരുടെ ത്യാഗത്തെ അനാദരിക്കരുത്. ചൈനയുടെ ഈ അതിക്രമങ്ങള്‍ക്കെതിരേ എപ്പോഴണ് മോദി സര്‍ക്കാര്‍ പ്രതികരിക്കുക എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. 

അരുണാചല്‍ അതിര്‍ത്തിക്ക് സമീപം ചൈന പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചത് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചൈന ആദ്യം നിര്‍മിച്ച കെട്ടിടങ്ങളുടെ 93 കിലോ മീറ്റര്‍ കിഴക്ക് മാറിയാണ് ഇപ്പോള്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ മാത്രമായിട്ടാണ് ചൈന വീണ്ടും നിര്‍മാണം നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇന്ത്യ - ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കും സമീപത്തായിട്ടാണ് നിര്‍മാണം.

അതേസമയം വേറെ ഒരു രാജ്യത്തിന്റേയും ഭൂമി കൈവശപ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഏതെങ്കിലും രാജ്യം ഇന്ത്യയെ ഉറ്റു നോക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു . ഇന്ത്യയുടെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കാന്‍ രാജ്യത്തെ ധീരരായ സൈനികര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.