ജെബി മേത്തർ എംപിയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചപ്പോൾ. screengrab - Mathrubhumi news
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ മുന്നിലേക്ക്. ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി പരിസരത്ത് ഇന്നും കോണ്‍ഗ്രസിന്റെ കനത്ത പ്രതിഷേധമാണ്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി ജെബി മേത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചഴച്ചാണ് പോലീസ് കൊണ്ടുപോയത്.
തിങ്കളാഴ്ച നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുല്‍ ഇ.ഡി.ഓഫീസിലേക്ക് പോയതെങ്കില്‍ ഇന്ന് അങ്ങനെയുണ്ടാവാതാരിക്കാനായി അതിശക്തമായ സുരക്ഷാ സന്നാഹമാണ് എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരുക്കിയിരുന്നത്. രാഹുല്‍ഗാന്ധിയേയും രണ്ട് അഭിഭാഷകരേയും മാത്രം കടത്തിവിടുമെന്ന നിലപാടിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയതിനാണ് അറസ്റ്റ്.
റോഡില്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തിയിരുന്നു. ഇത് മറികടന്നാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ഒരിഞ്ചുപോലും വീട്ടുകൊടുക്കില്ലെന്നും കെ.സി വേണഗോപാല്‍ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് മര്‍ദിച്ചത്. ഇ.ഡിയല്ല ആരുവന്നാലും മാറില്ലെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.
ഇന്നലെ കെ.സി. വേണുഗോപാലിനേയും അധീര്‍ രഞ്ജന്‍ ചൗധരിയുള്‍പ്പെടെ അമ്പതോളം നേതാക്കളെയും തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. അശോക് ഗെഹ്‌ലോത്, ജയറാം രമേഷ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരെ ഹരിയാണ അതിര്‍ത്തിയിലുള്ള ഫത്തേഹ്പുര്‍ ബേരിയിലെ പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. കേരളത്തില്‍നിന്നടക്കം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ എ.ഐ.സി.സി. ഓഫീസിലെത്തിയിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കേസില്‍ ഈമാസം 23-ന് ഹാജരാകാനാണ് സോണിയക്ക് സമന്‍സയച്ചിരിക്കുന്നത്.
Content Highlights: Congress Protest In AICC Office Premises
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..