കോൺഗ്രസ്സിന്റെ മാനിഫെസ്റ്റോ
വഡോദര : യുവാക്കള്‍ക്കായി കോഫിഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടി. ഞായറാഴ്ച നടക്കാനിരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ്സ് തയ്യാറാക്കിയ പ്രകടന പത്രികയിലാണ് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുവമിഥുനങ്ങള്‍ക്കായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഈ കോഫി ഷോപ്പുകള്‍ക്ക് പുറമെ, ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്കുന്ന ആധുനിക സ്കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളും, കുറഞ്ഞ കെട്ടിട നികുതി നിരക്കുമെല്ലാമാണ് മറ്റ് ചില പ്രധാന വാഗ്ദാനങ്ങള്‍.
അതേസമയം, ''ഇറ്റാലിയന്‍ സംസ്കാരത്തിന്റെ സ്വാധീനം'' എന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ ബി.ജെ.പി വിശേഷിപ്പിച്ചത്. ഈ പ്രകടന പത്രിക സാംസ്കാരിക നഗരമായ വഡോദരയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബിജെപി ആരോപിച്ചു.
തങ്ങള്‍ ഈ പ്രകടന പത്രികയിലെ വാഗ്ദാനത്തിന് എതിരാണെന്നും ഇത് ലവ് ജിഹാദിനെ സഹായിക്കുമെന്നും വഡോദര ബി.ജെ.പി അധ്യക്ഷന്‍ വിജയ് ഷാ ആരോപിച്ചു.
ബി.ജെ.പി അവരുടെ പ്രകടന പത്രിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് വഡോദര യൂണിറ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുനില്‍ സോളങ്കി പ്രതികരിച്ചു.
''തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ചിന്താശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് പ്രസിദ്ധമാണ്. പക്ഷേ വോട്ടര്‍മാര്‍ക്ക് തെറ്റും ശരിയും എന്തെന്ന് അറിയാം. ഇന്ത്യന്‍ സമൂഹത്തിന്റെ മൂല്യങ്ങളോട് കോണ്‍ഗ്രസിന് ബഹുമാനമില്ല", സുനിൽ സോളങ്കി പ്രതികരിച്ചു. ഡേറ്റിങ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണോ എന്നും സോളങ്കി ചോദിച്ചു.
അതേസമയം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ളവര്‍ക്ക് കോഫി ഷോപ്പും മറ്റു സൗകര്യങ്ങളും അനുഭവിക്കാന്‍ കഴിയുമ്പോള്‍ താഴെക്കിടയിലെ ജനങ്ങള്‍ക്ക് അവയെല്ലാം അപ്രാപ്യമാണെന്നും അവര്‍ക്ക് കൂടി അവസരമൊരുക്കാനാണ് തങ്ങള്‍ ഇത്തരമൊരാശയം മുന്നോട്ടുവെച്ചതെന്നും കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചു.
കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന താഴെക്കിടയിലെ കുടുംബങ്ങളിലെ പല ഭാര്യാഭര്ത്താക്കന്മാര്ക്കും തങ്ങളുടേതായ സമയം ലഭിക്കുന്നില്ലെന്നും സ്വകാര്യമായി വല്ലതും പറയാനും മിണ്ടാനും സൗകര്യമൊരുക്കാനാണ് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത്. അതിനായി വലിയ ചിലവില്ലാത്ത കോഫി ഷോപ്പുകളാണ് വിഭാവനം ചെയ്യുന്നതെന്നും കോണ്‍ഗ്രസ്സ് നേതൃത്വം പ്രതികരിച്ചു.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു നടത്തിയ "ഹലോ ഗുജറാത്ത്" കാമ്പയിനില്‍ യുവാക്കളാണ് ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചതെന്നും വഡോദര കോണ്‍ഗ്രസ്സ് പ്രസിഡന്റ് പ്രശാന്ത് പട്ടേല്‍ വിശദീകരിച്ചു.
content highlights: Congress Promises 'Dating Destinations' for Youth in vadodara electio manifesto
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..