കൊച്ചി : സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്ച കേരളത്തില്‍ എത്തും. ഞായറാഴ്ച താരിഖ് അന്‍വര്‍ കൂടി പങ്കെടുക്കുന്ന രാഷ്ട്രീയ കാര്യ സമിതിയോഗം ചേരും. എംഎല്‍എമാര്‍, എംപിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

26ന് രാത്രിയാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്. 23, 24, 26 തിയ്യതികളില്‍ ഇന്ദിരാഭവനില്‍ വിവിധ തലത്തിലുള്ള വിലയിരുത്തല്‍ യോഗങ്ങളും കമ്മറ്റികളും ചേരുന്നുണ്ട്. ഡിസിസി അധ്യക്ഷന്‍മാര്‍ എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.  27ന് താരിഖ് അന്‍വര്‍ കൂടി പങ്കെടുക്കുന്ന രാഷ്ട്രീയ സമിതി യോഗം ചേരും. അന്ന് ഉച്ചക്ക്  എംഎല്‍എമാര്‍ എംപിമാര്‍ ഡിസിപ്രസിഡന്റുമാര്‍ എന്നിവരുടെ യോഗത്തിലും താരിഖ് അന്‍വര്‍ പങ്കെടുക്കും. 

എഐസിസി ജനറല്‍ സെക്രട്ടറി ഹൈക്കമാന്‍ഡിന് നല്‍കുന്ന റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് സംഘടനാതലത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനമെടുക്കുക.

നിലവിലെ സാഹചര്യമനുസരിച്ച് കെപിസിസി അധ്യക്ഷനോ യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള നിര്‍ണ്ണായക സ്ഥാനങ്ങള്‍ക്കോ മാറ്റമൊന്നുമുണ്ടാവില്ല. 

ഡിസിസി തലത്തിലുള്ള അഴിച്ചു പണിയാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്. തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ജില്ലകളില്‍ അധ്യക്ഷന്‍മാരെ മാറ്റുന്നത് പരിഗണനയിലുണ്ട്. എന്നാല്‍ തീരുമാനമൊന്നുമായിട്ടില്ല.

content highlights: Congress problems after election, Tariq Anwar intervenes