ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. 

നിര്‍ഭാഗ്യകരവും അപലപനീയവുമാണ് സോണിയ ഗാന്ധിയുടെ പ്രസ്താവന. ആക്രമണത്തെ രാഷ്ടീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സമാധാനം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇത്തരമൊരു അവസരത്തില്‍ എല്ലാ പാര്‍ട്ടികളും നടത്തേണ്ടത്. അതിനുപകരം സര്‍ക്കാരിനെ കുറ്റം പറയുന്നത് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അക്രമത്തെ രാഷ്ട്രീയവത്കരിക്കുന്നത് തെറ്റാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 

രാജ്യതലസ്ഥാനം കത്തുമ്പോള്‍ ആഭ്യന്തരമന്ത്രി എവിടെയാണെന്നാണ് സോണിയ ഗാന്ധി ചോദിച്ചത്. എന്നാല്‍ സോണിയ ചോദ്യം ചോദിക്കുമ്പോള്‍ അമിത ഷാ ഡല്‍ഹിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

സംഘര്‍ഷാവസ്ഥ നേരിടാനാവശ്യമായ നിര്‍ദേശങ്ങള്‍ പൊലീസിന് നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന പോലീസിന്റെ മനോവീര്യത്തെ തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. 

ഡല്‍ഹി കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു എന്നായിരുന്നു സോണിയ ഗാന്ധി വിമര്‍ശിച്ചത്. അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടു. ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. സ്ഥിതിഗതികള്‍ മോശമായി തുടരുമ്പോഴും അത് നിയന്ത്രിക്കാനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അമിത് ഷാ ശ്രമിച്ചില്ല. അദ്ദേഹം എവിടെയായിരുന്നു, സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Prakash Javadekar, Delhi Violence , Sonia Gandhi