തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍


രാജേഷ് കോയിക്കല്‍

പ്രചാരണത്തിനായി തിരുവനന്തപുരത്തിറങ്ങിയ തരൂരിന് കെപിസിസി ആസ്ഥാനത്ത് കിട്ടിയത് തണുപ്പന്‍ പ്രതികരണമാണ്. സ്ഥാനാര്‍ഥി എത്തുന്നതിന് തൊട്ടുമുന്‍പ് കെ. സുധാകരന്‍ ഓഫീസ് വിട്ടത് ചര്‍ച്ചയായിരുന്നു. പ്രധാന നേതാക്കളെല്ലാം അദ്ദേഹത്തിന്റെ കണ്ണില്‍പ്പെടാതിരിക്കാനുളള നെട്ടോട്ടത്തിലാണ്.

ശശി തരൂർ| Photo: Mathrubhumi

സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. നേതാവ് വിശ്വപൗരനാണ്. മുന്‍പ് യുഎന്‍ അണ്ടര്‍ സെക്രട്ടറി. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചു. ഇന്ത്യയെ കൊളളയടിച്ച ബ്രിട്ടനെ അവരുടെ മണ്ണില്‍ വിമര്‍ശിച്ചു. ചരിത്രത്തോടൊപ്പം നടന്ന് കുറെ പുസ്തകം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷില്‍ കടിച്ചാല്‍ പൊട്ടാത്ത, എളുപ്പത്തില്‍ മനസിലാകാത്ത ഭാഷയില്‍ സംസാരിച്ചു കളയും. തരൂര്‍ കോണ്‍ഗ്രസ് ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവല്ല. കാരണം അദ്ദേഹം വളര്‍ന്ന സാഹചര്യം അതല്ല. പുസ്തകങ്ങളിലൂടെ കോണ്‍ഗ്രസിനെ വായിച്ചറിഞ്ഞ തരൂര്‍ 2009-ലാണ് കോണ്‍ഗ്രസിലേക്ക് പരകായ പ്രവേശം ചെയ്തത്. അതും എംപിയായി. അപ്പോഴും അദ്ദേഹം വിശ്വപൗരനായി തുടര്‍ന്നു. ദേശീയഗാനം ആലപിച്ചപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്തു പിടിച്ചും കേന്ദ്രമന്ത്രിയായിരിക്കെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചും വിമാനത്തിലെ ഇക്കണോമി ക്ലാസിനെ കന്നുകാലി ക്ലാസെന്നു വിളിച്ചും തരൂര്‍ സ്വയം വിവാദ കുരുക്കില്‍പ്പെട്ടു. ഒന്നാം യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രി ആയിരുന്നെങ്കിലും കൊച്ചി ഐപിഎല്‍ വിവാദം കസേര തെറിപ്പിച്ചു. 2012ല്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രിയായി. എന്നും ബിജെപി വിമര്‍ശകന്‍, പിണറായി വിജയന്റെ കടുത്ത ആരാധകന്‍. ഇതാണ് തരൂര്‍.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ അത്രമേല്‍ ഉലച്ചു. 52 സീറ്റായിരുന്നു സമ്പാദ്യം. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി തരൂര്‍ ഉള്‍പ്പെടെയുളള തിരുത്തല്‍ വാദികള്‍ അല്ലെങ്കില്‍ ജി 23 ഗ്രൂപ്പിന്റെ വരവോടെ ഇരട്ടിച്ചു. ജി 23യുടെ ആവശ്യങ്ങള്‍ ന്യായമായിരുന്നു. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍, എഐസിസി ഭാരവാഹികളേയും പ്രവര്‍ത്തക സമിതി അംഗങ്ങളേയും അധ്യക്ഷനേയും തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുക. ഇതൊന്നും സമവായ കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കള്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധി കുടുംബം നയിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ലെന്ന് ഇക്കൂട്ടര്‍ പ്രവചിച്ചു. അതുകൊണ്ടാണ് മുന്‍ അധ്യക്ഷനായിട്ടും രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയിലെ നിര്‍ണായക തീരുമാനങ്ങളില്‍ ഇടപെടാന്‍ സാധിച്ചത്. ഗാന്ധി-നെഹ്‌റു കുടുംബം ആണല്ലോ എല്ലാം.അധ്യക്ഷ തിരഞ്ഞടുപ്പിന് കളമൊരുങ്ങുന്നതിന് വളരെ മുന്‍പുതന്നെ ശശി തരൂര്‍ മത്സരിക്കുമെന്ന് ഉറപ്പായിരുന്നു. വാര്‍ഡ്, ബൂത്ത് തലം മുതല്‍ പ്രവര്‍ത്തന പരിചയമില്ലെങ്കിലും അദ്ദേഹം കടുത്ത തീരുമാനത്തിലേക്ക് പോയതിന് പിന്നില്‍ സംഘടനയ്ക്കകത്തെ പരിവര്‍ത്തനമായിരുന്നു ലക്ഷ്യം. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷമുളള വാര്‍ത്താ സമ്മേളനത്തില്‍ തരൂര്‍ നയം വ്യക്തമാക്കി. കേരളത്തിലെ നേതാക്കളുമായി തരൂരിന്റെ ബന്ധം അത്ര ഊഷ്മളമല്ല. അതുകൊണ്ടാണ് അധ്യക്ഷനായി മത്സരിക്കുന്ന വിവരം അദ്ദേഹം കെപിസിസിയെ ഔദ്യോഗികമായി അറിയിക്കാതിരുന്നത്. ഹൈക്കമാന്‍ഡ് നോമിനിയായി തിരുവനന്തപുരത്ത് വന്ന കാലം മുതല്‍ തരൂര്‍ എകാന്ത പഥികനാണ്. പാര്‍ട്ടി ചട്ടകൂടുകളില്‍ ഒതുങ്ങാതെ തനിവഴി തിരഞ്ഞെടുത്തു. മാത്യു കുഴല്‍നാടന്‍, ഹൈബി ഈഡല്‍ പോലുളള യുവ നേതാക്കള്‍ക്ക് അദ്ദേഹം ആവേശമായി. അണികളും അനുഭാവികളുമായ മധ്യ വര്‍ഗത്തിന്റേയും പിന്തുണ തരൂരിനുണ്ട്. എന്തിനേയും അന്ധമായി എതിര്‍ക്കുന്ന ശൈലിയല്ല തരൂരിന്റേത്. അതാണ് സില്‍വര്‍ ലൈന്‍ അടക്കമുളള വിഷയങ്ങളില്‍ കെപിസിസി നേതൃത്വവുമായി ഏറ്റുമുട്ടേണ്ടി വന്നത്. പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പടിക്ക് പുറത്തെന്ന സന്ദേശം അദ്ദേഹത്തിന് നല്‍കാനും ചില ഘട്ടങ്ങളില്‍ നേതാക്കള്‍ ശ്രമിച്ചിരുന്നു.

കേരളത്തിലെ എംപിമാരുമായി തരൂരിന് നല്ല ബന്ധമില്ല. ഗ്രൂപ്പുകളോട് അകലം പാലിക്കുന്നതിനാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടുപ്പിക്കാറുമില്ല. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച തരൂര്‍ പലര്‍ക്കും കണ്ണിലെ കരടാണ്. മിക്ക നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. തരൂരിന് കോണ്‍ഗ്രസ് പാരമ്പര്യമില്ലെന്നാണ് ഏവരുടേയും കണ്ടെത്തല്‍. ഒരു കാര്യം ഉറപ്പാണ് തരൂരിനെ നേതാക്കള്‍ ഭയപ്പെടുന്നുണ്ട്. പ്രത്യേകിച്ച് മുതിര്‍ന്ന നേതാക്കള്‍. മനഃസാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യാന്‍ ആദ്യം ആവശ്യപ്പെട്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പിന്നീട് മലക്കം മറഞ്ഞത് അതിന്റെ സൂചനയാണ്. സുധാകരന്‍ പറഞ്ഞത് ഒരര്‍ഥത്തില്‍ കെപിസിസിയുടെ അനൗദ്യോഗിക നിലപാടാണ്. സ്വാഭാവികമായും ഹൈക്കമാന്‍ഡിന്റെ മനസ് അറിഞ്ഞുളള നിലപാട്. കൂടുതല്‍ യുവനേതാക്കള്‍ തരൂരിനെ പിന്തുണയ്ക്കാതിരിക്കാനുളള സൈക്കോളജിക്കള്‍ മൂവ് എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.

കെപിസിസി അധ്യക്ഷന്‍ തുടരുന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി അയച്ച ഒറ്റവരി പ്രമോയത്തില്‍ ഒപ്പുവെക്കേണ്ടത് പുതിയ എഐസിസി അധ്യക്ഷനാണ്. തരൂര്‍ അധ്യക്ഷനായാല്‍ പ്രമേയം അംഗീകരിക്കുമെന്ന് കെപിസിസിക്ക് യാതൊരു ഉറപ്പുമില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലല്ലോ?. അതു തന്നെയാണ് തരൂരിനെതിരായ പടയൊരുക്കത്തിന്റെ കാതല്‍. പ്രചാരണത്തിനായി തിരുവനന്തപുരത്തിറങ്ങിയ തരൂരിന് കെപിസിസി ആസ്ഥാനത്ത് കിട്ടിയത് തണുപ്പന്‍ പ്രതികരണമാണ്. സ്ഥാനാര്‍ഥി എത്തുന്നതിന് തൊട്ടുമുന്‍പ് കെ. സുധാകരന്‍ ഓഫീസ് വിട്ടത് ചര്‍ച്ചയായിരുന്നു. പ്രധാന നേതാക്കളെല്ലാം അദ്ദേഹത്തിന്റെ കണ്ണില്‍പ്പെടാതിരിക്കാനുളള നെട്ടോട്ടത്തിലാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തയും ഖാര്‍ഗെയുടെ അനുഭവ സമ്പത്തിനെക്കുറിച്ച് വാചലമായതോടെ എ, ഐഗ്രൂപ്പുകളുടെ നിലപാട് വ്യക്തമായി. നേതൃതലത്തില്‍ തലമുറ മാറ്റത്തിനായി മുറവിളി കൂട്ടിയ വി.ഡി സതീശനും 80കാരനായ ഖാര്‍ഗെയെ വാഴ്ത്തുകയാണ്.

തരൂര്‍ ഗാന്ധി-നെഹ്‌റു കുടുംബ ഭക്തനോ വിധേയനോ അല്ല. സോണിയ-രാഹുല്‍- പ്രിയങ്ക ത്രയത്തെ അംഗീകരിക്കുമ്പോഴും കോണ്‍ഗ്രസിന് വ്യക്തിത്വം വേണമെന്ന് ആവശ്യപ്പെടുന്ന നേതാവാണ്. തീരുമാനങ്ങളെല്ലാം ഒരു കുടുംബം എടുക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അധ്യക്ഷനായാല്‍ ഗാന്ധി- നെഹ്‌റു കുടുംബ മേധാവിത്വം അവസാനിപ്പിക്കുമെന്ന പ്രകടന പത്രികയിലൂടെ തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അപായ സൂചനയായി നേതാക്കള്‍ കാണുന്നു. ഭാരവാഹികളെ ഹൈക്കമാന്‍ഡ് നോമിനേറ്റ് ചെയ്യുന്ന രീതിക്ക് മാറ്റം വരുമോയെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് ആണയിടുമ്പോഴും മല്ലികാര്‍ജുന ഖാര്‍ഗയ്ക്കു വേണ്ടിയുളള മുറവിളി സംഘം തത്വത്തില്‍ ഹൈക്കമാന്‍ഡ് പക്ഷപാതികളാണ്. എ.കെ ആന്റണി, ദിഗ് വിജയ് സിങ്, അശോക് ഗെലോട്ട്, മുകുള്‍ വാസ്‌നിക്ക് അടക്കമുളള ഖാര്‍ഗെ അനുകൂലികള്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്നു. ഒമ്പതിനായിരത്തിലധികം എഐസിസി അംഗങ്ങള്‍ക്കാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം. ഇതില്‍ കേരളത്തില്‍ നിന്നുളള 300ഓളം പേരും ഉള്‍പ്പെടും. ഇവരില്‍ മിക്ക അംഗങ്ങള്‍ക്കും അപ്രാപ്യന്‍ എന്നതാണ് തരൂരിന് വിനയാകുന്നത്. എന്തായാലും 66കാരനായ ശശി തരൂരും 80കാരനായ മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മിലുളള മത്സരത്തില്‍ ജയം ഖാര്‍ഗയ്ക്കായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളിലും ദൃശ്യ-അച്ചടി മാധ്യമങ്ങളിലും തരൂരിന് ലഭിക്കുന്ന സ്വീകാര്യത അട്ടിമറി സാധ്യത ജനിപ്പിക്കുന്നുണ്ട്. തരൂര്‍ മുന്നോട്ടുവെക്കുന്ന കാഴ്ച്ചപ്പാടല്ല ഖാര്‍ഗെയുടേത്. രണ്ടും തമ്മില്‍ ആനയും ആടും തമ്മിലുളള വ്യത്യാസമുണ്ട്. പാരമ്പര്യവാദിയായി ഖാര്‍ഗെ നില്‍ക്കുമ്പോള്‍ പരിഷ്‌കരണവാദിയുടെ വേഷപ്പകര്‍ച്ചയാണ് തരൂരിന്. അധ്യക്ഷ തിരഞ്ഞെടുപ്പ് വിശ്വ പൗരന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന പോരാട്ടമാകുമെന്ന് ഉറപ്പാണ്. ജയിച്ചാല്‍ അധ്യക്ഷന്‍ അല്ലെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ തുടരമോ എന്നതാണ് പ്രധാന ചോദ്യം. ബിജെപിയിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. അപ്പോഴും ഇടതുപക്ഷമെന്ന സാധ്യത വാതില്‍ തുറന്നു കിടക്കുകയാണ്.

Content Highlights: Congress president election Shashi Tharor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented