'തരൂരല്ല, കോണ്‍ഗ്രസാണ് തോല്‍ക്കുന്നത്'


കെ എ ജോണി

ഇന്ത്യന്‍ ജനാധിപത്യം അതിനിര്‍ണ്ണായകമായൊരു വഴിത്തിരിവിലൂടെ കടന്നുപോകുമ്പോള്‍  രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി വഴിയറിയാതെ നില്‍ക്കുന്ന കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നു. ഗാന്ധികുടുംബത്തിന്റെ താല്‍പര്യങ്ങളുടെ അള്‍ത്താരയില്‍ ഒരു പാര്‍ട്ടിയുടെ പ്രതീക്ഷകളും ഭാവിയും ബലി കഴിക്കപ്പെടുന്നു. അങ്ങിനെ വരുമ്പോള്‍ തരൂരിന്റെ തോല്‍വി കോണ്‍ഗ്രസിന്റെ തോല്‍വി മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തോല്‍വി കൂടിയാവുന്നു

ശശി തരൂർ

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രസിഡന്റാവാനില്ലെന്ന് രാഹുല്‍ ഗാന്ധി കര്‍ശന നിലപാടെടുത്തതോടെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്കെത്തുമെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ ഹൈക്കമാന്റ്, പ്രതീക്ഷിക്കാതിരുന്ന പ്രവേശനമായിരുന്നു തരൂരിന്റേത്. പാര്‍ട്ടിയില്‍ പദവികള്‍ ഒന്നും തന്നെയില്ലെങ്കിലും രാഹുല്‍ തന്നെയാണ് നേതാവ് എന്ന കാര്യത്തില്‍ ഹൈക്കമാന്റിനും ഉപജാപക വൃന്ദങ്ങള്‍ക്കും ഒരു സംശയവുമില്ല. സംഘടനയുടെ നട്ടും ബോള്‍ട്ടും നന്നാക്കുന്ന ആളായിരിക്കും പ്രസിഡന്റെന്നും പാര്‍ട്ടിയെ നയിക്കുന്ന നേതാവ് രാഹുല്‍ തന്നെയായിരിക്കുമെന്നുമാണ് മുന്‍ ധനമന്ത്രിയും ഹൈക്കമാന്റിന്റെ വിശ്വസ്തരില്‍ ഒരാളുമായ ചിദംബരം പറഞ്ഞത്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലെന്ന് മനസ്സിലാവുമ്പോള്‍ തരൂര്‍ സ്വയം പിന്മാറുമെന്നായിരുന്നു ഹൈക്കമാന്റിന്റെ കണക്കുകൂട്ടല്‍. ആ നിഗമനം തരൂര്‍ തെറ്റിച്ചു.

1939-ല്‍ സുഭാഷ് ചന്ദ്ര ബോസും പട്ടാഭി സീതാരാമയ്യയും തമ്മില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 1938 ലാണ് സുബാഷ് ആദ്യം പ്രസിഡന്റായത്. അടുത്ത വര്‍ഷം രണ്ടാം വട്ടവും പ്രസിഡന്റാവാന്‍ സുഭാഷ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഗാന്ധിജിയും വര്‍ക്കിങ് കമ്മിറ്റിയിലെ ഭൂരിപക്ഷവും സുഭാഷിനെതിരെ തിരിഞ്ഞു. മൗലാന അബുള്‍ കലാം ആസാദിനോട് സുഭാഷിനെതിരെ മത്സരിക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടെങ്കിലും ആസാദ് വിസമ്മതിച്ചു. മത്സരിക്കാനില്ലെന്ന് നെഹ്റുവും പറഞ്ഞതോടെയാണ് ഗാന്ധിജി പട്ടാഭിയെ കളത്തിലിറക്കിയത്. 1939 ജനുവരി 29ന് നടന്ന വോട്ടെടുപ്പില്‍ സുഭാഷിന് 1580 വോട്ടുകള്‍ കിട്ടിയപ്പോള്‍ പട്ടാഭിക്ക് 1377 വോട്ടുകള്‍ കിട്ടി. ബംഗാള്‍ , മൈസൂര്‍ , പഞ്ചാബ് , ഉത്തര്‍പ്രദേശ് , മദ്രാസ് എന്നിവിടങ്ങളില്‍ നിന്നാണ് ബോസിന് കൂടുതല്‍ വോട്ട് കിട്ടിയത്.ഗാന്ധിജി എതിര്‍വശത്തായിട്ടും സുഭാഷ് ജയിച്ചു. അതാണ് ആ തിരഞ്ഞെടുപ്പിനെ മനോഹരമാക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഗാന്ധിജിയും പട്ടേലും രാജാജിയും ഉള്‍പ്പെടുന്ന സംഘം സുഭാഷിനെതിരെ കടുത്ത നിലപാടെടുത്തതും ഒടുവില്‍ സുഭാഷ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതും മറ്റൊരു കഥയാണ്. പറഞ്ഞുവന്നത് കോണ്‍ഗ്രസ് കോണ്‍ഗ്രസായിരുന്ന ഒരു കാലത്തെക്കുറിച്ചാണ്. കോണ്‍ഗ്രസ് അന്നൊരു കുടുംബത്തിന്റെ കുത്തകയായിരുന്നില്ല. 1969-ല്‍ ഇന്ദിര ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായെങ്കിലും എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1977 ലാണ് ഇന്ദിര രണ്ടാം വട്ടം കോണ്‍ഗ്രസ് പ്രസിഡന്റായത്. പിന്നീട് 1984 ല്‍ മരിക്കുന്നതു വരെ ഇന്ദിര തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ തലപ്പത്ത്.

ഈ കുത്തകയെയാണ് തരൂര്‍ വെല്ലുവിളിച്ചത്. 1956 ല്‍ ലണ്ടനിലായിരുന്നു ശശി തരൂരിന്റെ പിറവി. ജന്മം കൊണ്ട് ബ്രിട്ടീഷ് പാസ്പോര്‍ട്ട് തരൂരിന് അവകാശപ്പെട്ടതാണ്. പക്ഷേ, ഈ നിമിഷം വരെ തരൂര്‍ ആ പാസ്പോര്‍ട്ട് എടുത്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനിലേക്കുള്ള സന്ദര്‍ശനത്തിനായി വിസയ്ക്ക് അപേക്ഷിച്ച തരൂരിനെ ഇക്കാര്യം ന്യൂയോര്‍ക്കിലുള്ള ബ്രിട്ടീഷ് കൊണ്‍സുലര്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് 15 പൗണ്ട് കൊടുത്താല്‍ മതി, എന്നാല്‍ വിസയ്ക്ക് 65 പൗണ്ടെങ്കിലും നല്‍കേണ്ടിവരുമെന്നുമാണ് ഓഫീസര്‍ തരൂരിനോട് പറഞ്ഞത്. അപ്പോള്‍ ഓഫീസറോട് തരൂരിന്റെ മറുപടി ഇതായിരുന്നു, 'ഇന്ത്യക്കാരനായിരിക്കുന്നതിന് പണം മുടയ്ക്കാന്‍ എനിക്ക് സന്തോഷമേയുള്ളു, ഞാന്‍ ബ്രിട്ടനിലായിരിക്കാം ജനിച്ചത്, പക്ഷേ, കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ഒരു ഇന്ത്യക്കാരനെയാണ്'. ഈ മറുപടിയില്‍ തരൂരിന്റെ ജീവിത വീക്ഷണമുണ്ട്. എവിടെയാണ് തന്റെ വേരുകള്‍ എന്നും ആരാണ് താന്‍ എന്നുമുള്ള കൃത്യമായ ആലോചനയും തിരിച്ചറിവുമുണ്ട്. ഈ ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും തരൂരിന് സുഹൃത്തുക്കളുണ്ട്. ദേശീയതയുടെ ഇടുങ്ങിയ അതിര്‍വരമ്പുകളില്‍ ഒതുങ്ങുന്ന ഒരാളല്ല തരൂര്‍. പക്ഷേ, അടിസ്ഥാനപരമായി തരൂര്‍ ഇന്ത്യക്കാരനാണ്, മലയാളിയാണ്.

ഈ ബോദ്ധ്യമാണ് ഐക്യരാഷ്ട്ര സംഘടനയിലെ ഔദ്യോഗിക ജീവിതം കഴിഞ്ഞപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തരൂരിനെ പ്രേരിപ്പിച്ചത്. ഇന്ത്യയില്‍ എന്തു ചെയ്യണമെന്ന കാര്യത്തിലും തരൂരിന് സംശയമുണ്ടായിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ നിന്നും ക്ഷണമുണ്ടായെന്നും അതില്‍ കോണ്‍ഗ്രസാണ് താന്‍ തിരഞ്ഞെടുത്തതെന്നും തരൂര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. തരൂര്‍ എല്ലാ അര്‍ത്ഥത്തിലും ഒരു നെഹ്റുവിയനാണ്. നെഹ്റുവിനെ പിന്തുടരുക എന്ന് പറഞ്ഞാല്‍ ആധുനികതയെയും സഹിഷ്ണുതയെയും ബഹുസ്വരതയെയും മതേതരത്വത്തെയും പിന്തുടരുക എന്നാണ്. ജനാധിപത്യത്തോടുള്ള അദമ്യമായ അഭിനിവേശമാണ് നെഹ്റുവിനെപ്പോലെ തന്നെ തരൂരിന്റെയും മുഖമുദ്ര. മോദിയും ഷായും നയിക്കുന്ന ബിജെപിക്കെതിരെ കോണ്‍ഗ്രസിന് അണിനിരത്താനാവുമായിരുന്ന ഏറ്റവും മികച്ച നേതാവായിരുന്നു തരൂര്‍. ആര്‍എസ്എസ്സും ബിജെപിയും ഒരുതരത്തിലും തരൂരിനെപ്പോലൊരു നേതാവ് കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റും ഇതേ നിലപാടെടുത്തു എന്നതാണ് ഈ മത്സരത്തെ പരിഹാസ്യമാക്കിയത്.

തോല്‍ക്കുമെന്നുറപ്പുള്ള പോരാട്ടമായിരുന്നു തരൂരിന്റേത്. പക്ഷേ, ആ തോല്‍വി അതില്‍തന്നെ മനോഹരമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിനുള്ളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് വീണ്ടും ചിറക് മുളച്ചുവെന്നത് ചെറിയ കാര്യമല്ല. രണ്ട് ധാരകള്‍ , രണ്ട് ചേരികള്‍ , രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലുള്ള മത്സരമാണ് ഒക്ടോബര്‍ 17ന് നടന്നത്. ഖാര്‍ഗെ പ്രതിനിധാനം ചെയ്തത് കോണ്‍ഗ്രസിലെ വ്യവസ്ഥിതിയെയാണ്. വ്യവസ്ഥിതിയുടെ പ്രശ്നം അത് മാറ്റങ്ങള്‍ക്കെതിരാണെന്നതാണ്. കോണ്‍ഗ്രസിനുള്ളില്‍ ഗാന്ധി കുടുംബത്തിന്റെ അധീശത്വം നിലനിര്‍ത്തുക എന്നതാണ് വ്യവസ്ഥിതിയുടെ ലക്ഷ്യം. അതിനുള്ള ഉപകരണം മാത്രമാണ് ഖാര്‍ഗെ. ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസ് എന്ന തെറ്റിദ്ധാരണയാണ് ഹൈക്കമാന്റിനെയും ഉപജാപകവൃന്ദത്തെയും നയിക്കുന്നത്. പാര്‍ട്ടിയില്ലെങ്കില്‍ പിന്നെ കുടുംബവുമില്ല എന്ന തീക്ഷ്ണ യാഥാര്‍ത്ഥ്യമാണ് ഇവര്‍ മറന്നുപോവുന്നത്.

1996 ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്ന സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരം ഓര്‍ക്കാതിരിക്കാനാവില്ല. ആ മണ്ടത്തരത്തിന് സിപിഎം കൊടുത്ത വില കനത്തതായിരുന്നു. ഇന്ത്യയിലുടനീളം കമ്മ്യൂണിസത്തിന്റെ ചൂടും ചൂരും എത്തിക്കാനുള്ള സുവര്‍ണ്ണാവസരമാണ് അന്ന് കാരാട്ടും കൂട്ടരും കളഞ്ഞുകുളിച്ചത്. ഇന്നിപ്പോള്‍ സിപിഎം എത്തിനില്‍ക്കുന്ന അവസ്ഥ കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പായിരുന്നു. പക്ഷേ, കാലത്തിന്റെ സ്പന്ദനങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള മാപിനികള്‍ കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നു. ഈ പോരാട്ടത്തില്‍ തോറ്റത് തരൂരല്ല. 'ഇന്‍ ദ ബിഗിനിങ്' എന്ന ലേഖനത്തില്‍ തരൂര്‍ എഴുതുന്നുണ്ട്, 'ആത്യന്തികമായി എന്നെ നിര്‍ണ്ണയിക്കുക ഞാന്‍ വഹിച്ച സ്ഥാനങ്ങളും പദവികളുമായിരിക്കല്ലെന്നും ഞാന്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും മൂല്യങ്ങളുമായിരിക്കുമെന്നും എനിക്കറിയാം. സ്വകാര്യതയില്‍ ഞാന്‍ എഴുതുന്ന വാക്കുകളിലാണ് ഞാന്‍ എന്നെ കാണുന്നത്. ഞാനിപ്പോള്‍ ഒരു മുന്‍ മന്ത്രിയാണ്, ഒരു നാള്‍ ഞാന്‍ മുന്‍ എംപിയാവും . പക്ഷേ, ഒരിക്കലും മുന്‍ എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടരുത് എന്നാണെന്റെ പ്രാര്‍ത്ഥന'.

ഇങ്ങനെയൊരു മനുഷ്യന്‍ തോല്‍ക്കുന്നില്ല. തോല്‍വികള്‍ അയാളുടെ ആശയങ്ങളുടെ വിജയമാണ്. 2015 ല്‍ സിപിഎമ്മിന്റെ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ്സിനെ ഓര്‍മ്മയില്ലേ..?,പാര്‍ട്ടിയുടെ തിരസ്‌കരണവും നിഷേധവും വിഎസ്സിന്റെ പരാജയമായിരുന്നില്ല. ഇന്നിപ്പോള്‍ അവസാന വോട്ടും എണ്ണിത്തീര്‍ന്നപ്പോള്‍ തരൂര്‍ തോറ്റുവെന്നത് വെറും സാങ്കേതികത മാത്രമാണ്. തോല്‍ക്കുന്നത് കോണ്‍ഗ്രസാണ് . ഇന്ത്യന്‍ ജനാധിപത്യം അതിനിര്‍ണ്ണായകമായൊരു വഴിത്തിരിവിലൂടെ കടന്നുപോകുമ്പോള്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി വഴിയറിയാതെ നില്‍ക്കുന്ന കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നു. ഗാന്ധികുടുംബത്തിന്റെ താല്‍പര്യങ്ങളുടെ അള്‍ത്താരയില്‍ ഒരു പാര്‍ട്ടിയുടെ പ്രതീക്ഷകളും ഭാവിയും ബലി കഴിക്കപ്പെടുന്നു. അങ്ങിനെ വരുമ്പോള്‍ തരൂരിന്റെ തോല്‍വി കോണ്‍ഗ്രസിന്റെ തോല്‍വി മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തോല്‍വി കൂടിയാവുന്നു.

കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം തുടങ്ങുന്ന ദിവസമാണ് ബുധനാഴ്ച എന്നാണ് ഫലമറിഞ്ഞപ്പോള്‍ തരൂര്‍ പ്രതികരിച്ചത്. പുനരുജ്ജീവനമാണോ തകര്‍ച്ചയാണോ എന്നത് ഹൈക്കമാന്റിന്റെ കാഴ്ചപ്പാടും നീക്കങ്ങളും അടുത്ത ദിവസങ്ങളില്‍ പറയും. തരൂരിനെ ഉള്‍ക്കൊള്ളുകയും പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് സ്വീകരിക്കുകയും ചെയ്യുന്ന ഒരു സമീപനത്തിലൂടെ മാത്രമേ ബുധനാഴ്ച അടിച്ച സെല്‍ഫ് ഗോള്‍ അനുകൂലമാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് കഴിയുകയുള്ളൂ...

Content Highlights: തരൂരല്ല, കോണ്‍ഗ്രസാണ് തോല്‍ക്കുന്നത്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented