ആരുടെ കൈപിടിക്കും: ദേശീയ നേതൃത്വത്തിലും ജി-23യിലും തിരക്കിട്ട ചര്‍ച്ച


സ്വന്തം ലേഖകന്‍

ശശി തരൂർ, അശോക് ഗഹ്‌ലോത് | Mathrubhumi archives

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് മത്സരമുറപ്പിച്ചുകൊണ്ട് തിരുത്തല്‍വാദിനേതാക്കളുടെ സംഘമായ ജി-23. രാഹുല്‍ഗാന്ധി മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കില്ലെന്ന് ശശി തരൂര്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ മത്സരരംഗത്തുണ്ടാകുമെന്ന് മറ്റൊരു ജി-23 നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. ഗഹ്ലോതും തരൂരും തമ്മിലുള്ള മത്സരം ഏറക്കുറെ ഉറപ്പാണ്. സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി രാഹുല്‍ വന്നാലും തിവാരി ഉണ്ടാകുമെന്നതിനാല്‍ മത്സരം ഒഴിവാകില്ല. തിവാരിയും തരൂരും ഒരുമിച്ചു മത്സരിക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. തിരുത്തല്‍വാദിപക്ഷത്ത് അത്തരമൊരു സാധ്യത ഇല്ലാതാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണറിയുന്നത്.

കാമരാജ് മാതൃകയില്‍ പ്രസിഡന്റ് വരുന്നതില്‍ കുഴപ്പമില്ല -ജയറാം രമേശ്

ആലപ്പുഴ: കാമരാജിന്റെ മാതൃകയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വരുന്നതില്‍ തെറ്റുകാണുന്നില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിലെ ഓരോ അംഗത്തിനും പ്രസിഡന്റുസ്ഥാനത്തേക്കു മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത്തരം ജനാധിപത്യം സി.പി.എമ്മിനുപോലും അവകാശപ്പെടാനാകില്ല-അദ്ദേഹം പറഞ്ഞു. (1969ല്‍ കോണ്‍ഗ്രസ് രണ്ടുചേരിയായപ്പോള്‍ നെഹ്‌റു കുടുംബത്തോടു താത്പര്യം കാണിച്ച് ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിച്ച പ്രസിഡന്റാണ് കാമരാജ്).

ഉപാധികളുമായി ഗഹ്ലോത്; മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കണം

അധ്യക്ഷപദത്തിലേക്ക് മത്സരിക്കാന്‍ നെഹ്രുകുടുംബം നിര്‍ദേശിച്ചിട്ടുള്ള അശോക് ഗഹ്‌ലോത് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കിയേക്കാവുന്ന ഉപാധികളാണ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് സൂചന.

സംസ്ഥാനത്ത് തന്റെ മുഖ്യഎതിരാളിയായ സച്ചിന്‍ പൈലറ്റിന് അധികാരം പൂര്‍ണമായും കൈമാറി ദേശീയ തലത്തിലേക്ക് ചുവടുമാറ്റാന്‍ ഗഹ്‌ലോതിന് വൈമുഖ്യമുണ്ട്. അതിനാല്‍ അധ്യക്ഷനായാലും കുറച്ചുകാലംകൂടി മുഖ്യമന്ത്രിസ്ഥാനത്തു തുടരാന്‍ തന്നെ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ മുഖ്യ ആവശ്യം. സോണിയതന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്നും താന്‍ മുഖ്യമന്ത്രിസ്ഥാനത്തിനൊപ്പം വര്‍ക്കിങ് പ്രസിഡന്റിന്റെ ജോലിചെയ്‌തോളാമെന്ന നിര്‍ദേശവും ഗഹ്ലോത് മുന്നോട്ടുവെച്ചു. രാജസ്ഥാനില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തന്റെ പ്രതിനിധിയെത്തന്നെ ഉറപ്പാക്കണമെന്നും ഗഹ്ലോത് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു.

വിശ്വസ്തനെങ്കിലും 71-കാരനായ ഗഹ്ലോതിന്റെ ഉപാധികളെ കരുതലോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. മുമ്പ് സര്‍ക്കാരിനെ വീഴ്ത്തുന്ന സ്ഥിതിയിലേക്ക് കലാപം നയിച്ച സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡ് നേരത്തേ അനുനയിപ്പിച്ചത് അവസരം വരുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്ന് വാഗ്ദാനംചെയ്താണ്. പൈലറ്റിനെ ഒഴിവാക്കി മറ്റൊരാള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയാല്‍ അത് രാജസ്ഥാനില്‍ പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിതെളിക്കും.

തരൂരിലേക്ക്ചായാതെകേരളഘടകം

അനിഷ് ജേക്കബ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കളില്‍ ആകാംക്ഷ. ദേശീയനേതൃത്വത്തിന്റെകൂടി അംഗീകാരത്തോടെ പൊതുസമ്മതനായി രംഗത്തുവരാനാണ് തരൂരിന്റെ ആഗ്രഹമെന്നാണ് സംസ്ഥാനനേതാക്കളുടെ വിലയിരുത്തല്‍. ജി-23 നേതാക്കള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുമ്പോഴും സോണിയാഗാന്ധിയുമായി അടുപ്പവും വിശ്വാസവും സൂക്ഷിക്കുന്നയാളാണ് തരൂര്‍. ഈ സാഹചര്യത്തിലാണ് തരൂര്‍ ഒത്തുതീര്‍പ്പ് സാധ്യതതേടുന്നത്.

സംസ്ഥാനഘടകം നെഹ്രു കുടുംബത്തോടൊപ്പമാണെന്ന് ഏതാണ്ടെല്ലാ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൊടിക്കുന്നില്‍ സുരേഷുമൊക്കെ ദേശീയനേതൃത്വത്തോടുള്ള കൂറ് ചൊവ്വാഴ്ച ആവര്‍ത്തിച്ചു. രാഹുല്‍ഗാന്ധി മത്സരിക്കണമെന്നാണ് അവരുടെയെല്ലാം ആവശ്യം.

ഭാരത് ജോഡോ യാത്രയ്ക്കിടെ നേതാക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ മത്സരിക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ സോണിയാഗാന്ധിയും ഇക്കാര്യം അടിവരയിട്ടു. പകരം ഔദ്യോഗികപക്ഷത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് മത്സരിക്കുമെന്നാണ് കരുതുന്നത്. ഗെഹ്ലോതാണ് ഔദ്യോഗികസ്ഥാനാര്‍ഥിയെങ്കില്‍ തരൂര്‍ മത്സരിച്ചേക്കും. രാഹുല്‍ഗാന്ധിയുണ്ടെങ്കില്‍ മത്സരിക്കില്ലെന്ന് തരൂര്‍ വ്യക്തമാക്കിയത് സാഹചര്യം മറിച്ചാണെങ്കില്‍ ഒരു കൈനോക്കാമെന്ന അര്‍ഥത്തിലാണ്. ജി 23-ല്‍നിന്ന് മറ്റാരെങ്കിലും മത്സരിക്കുമോയെന്നതിനെക്കൂടി ആശ്രയിച്ചാകും തരൂരിന്റെ അന്തിമതീരുമാനം.

ദേശീയനേതൃത്വത്തിന്റെകൂടി താത്പര്യത്തോടെയാണ് തരൂര്‍ മത്സരിക്കാനിറങ്ങുന്നതെങ്കില്‍ കേരളഘടകം പൂര്‍ണപിന്തുണ നല്‍കും. എന്നാല്‍ ദേശീയനേതൃത്വം നിര്‍ത്തുന്ന സ്ഥാനാര്‍ഥിക്കെതിരേയാണ് മത്സരമെങ്കില്‍ വ്യക്തിഗതപിന്തുണയ്ക്കപ്പുറം കേരളഘടകത്തിന്റെതായ പിന്തുണ അദ്ദേഹത്തിന് ലഭിക്കാനിടയില്ല. ചില സംസ്ഥാനഘടകങ്ങള്‍ രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയെങ്കിലും കേരളത്തില്‍ അതുണ്ടാകില്ലെന്നാണ് അറിയുന്നത്. രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന താത്പര്യം കേരളനേതൃത്വം നേരിട്ടുതന്നെ ആവശ്യപ്പെട്ടതിനാല്‍ ഇനിയും പ്രമേയം പാസാക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം


Content Highlights: Congress president election G-23 Tharoor Gehlot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented