തരൂരും ഗെഹലോത്തും മിടുക്കന്മാര്‍, രാഹുല്‍ ഗാന്ധി യോഗ്യന്‍; എന്താകും കോണ്‍ഗ്രസിന്‍റെ വരുംകാലം


അനൂപ് ദാസ് | മാതൃഭൂമി ന്യൂസ്

ശശി തരൂർ, അശോക് ഗെഹലോത്ത്, രാഹുൽ ഗാന്ധി | Photo: PTI

ണ്ടര പതിറ്റാണ്ടിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്താന്‍ കളമൊരുങ്ങുകയാണ്. രാഹുല്‍ വരുമോ, ഇല്ലയോ എന്ന സംശയം ബാക്കി നില്‍ക്കുകയാണ് എങ്കിലും അശോക് ഗെഹലോത്തും ശശി തരൂരും ചര്‍ച്ചകളില്‍ നിറയുന്നു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം. ഭരണം നഷ്ടപ്പെട്ട് സംഘടനാ സംവിധാനം ദുര്‍ബലമായി നിന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് സോണിയ ഗാന്ധി വന്നു. ഇടയ്ക്ക് തുടക്ക കാലത്ത് ഒരു മത്സരത്തെ നേരിടേണ്ടി വന്നു എങ്കിലും കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി സോണിയ പാര്‍ട്ടിയെ നയിക്കുന്നു. ആദ്യം വിജയത്തിന്റേയും പിന്നീട് പരാജയങ്ങളുടേയും കുത്തൊഴിക്കില്‍ പാര്‍ട്ടിയെ നയിച്ച് സോണിയ പടിയിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് ഒരു ചരിത്രസന്ധിയിലാണ്. കാല്‍ നൂറ്റാണ്ടിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അവസരം.

ഗാന്ധികുടുംബം പാര്‍ട്ടിയെ നയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ എതിര്‍പ്പുയരുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പല തവണയായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തതാണ് ഇങ്ങനെ ഒരു അവസരം ഉയര്‍ന്ന് വരാന്‍ കാരണം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല എന്ന് സോണിയഗാന്ധി വിശദീകരിക്കുമ്പോഴും ഗാന്ധി കുടുംബത്തിന്റെ ഉറച്ച അനുയായി അശോക് ഗെഹലോത്തിന്റെ പേര് മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത് കൃത്യമായ സൂചനയാണ്. ഗാന്ധികുടുംബം അധികാരം വിട്ടു നല്‍കാന്‍ തയ്യാറല്ല. അശോക് ഗെഹലോത്ത്
പാര്‍ട്ടിയെ നയിച്ചാലും ചരട് ഗാന്ധി കുടുംബത്തിന്റെ കയ്യിലായിരിക്കും. സോണിയാ ഗാന്ധിയെ ബഹുമാനിക്കുകയും ഗാന്ധികുടുംബത്തിന്റെ ആധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്നവര്‍ ഗെഹലോത്തിന്‌ വോട്ട് ചെയ്യും. ശശി തരൂര്‍ മത്സരിച്ചാല്‍ പോലും തങ്ങള്‍ ഒപ്പം നില്‍ക്കില്ല എന്ന് തുറന്ന് പറയുന്ന കേരള നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നു. ഗാന്ധികുടുംബത്തെ താല്‍പര്യമുള്ളവര്‍ക്കേ വോട്ട് ചെയ്യു എന്ന കെ. മുരളീധരന്‍ എംപിയുടെ പ്രസ്താവനയില്‍ എല്ലാമുണ്ട്.

ശശി തരൂരിന് പാര്‍ട്ടിയിലെ പരിഷ്‌കരണവാദികളുടെ പിന്തുണ ഉറപ്പാണ്. പക്ഷേ വോട്ടര്‍മാര്‍ക്കിടയില്‍ ആ ആശയത്തിന് വലിയ സ്വീകാര്യതയില്ല. 2002-ല്‍ സോണിയ ഗാന്ധിയ്‌ക്കെതിരെ ജിതേന്ദ്ര പ്രസാദ മത്സരിച്ചപ്പോഴുള്ള വോട്ട് നില പരിശോധിക്കാം. അന്ന് 7,448 വോട്ട് സോണിയ ഗാന്ധിയ്ക്ക് ലഭിച്ചപ്പോള്‍ 94 വോട്ടാണ് ജിതേന്ദ്രയ്ക്ക് ലഭിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും ആ കാലത്ത് നേതാക്കള്‍ കഷ്ടപ്പെട്ടു. ഇന്ന് അവസ്ഥ മാറിയിട്ടുണ്ട്. ശശി തരൂരിന് നിലവിലെ അവസ്ഥയില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ഇല്ലായെങ്കിലും മത്സരം നടത്താന്‍ കെല്‍പ്പുള്ള നേതാവാണ് അദ്ദേഹം. ഗാന്ധി കുടുംബത്തിന്റെ പിന്തുണ മാത്രമല്ല ഗെഹലോത്തിന്റെ ഗുണം. രാജസ്ഥാനില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് നാല് വര്‍ഷം ഭരിച്ച നേതാവ്, ഒപ്പം അധികാരത്തിലേറിയ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം പാതിയില്‍ തകര്‍ന്ന് വീണപ്പോഴും ഇടറാതെ പാര്‍ട്ടിയെ നയിച്ച ബുദ്ധിശാലിയായ മുഖ്യമന്ത്രി. മത്സരം തീപാറും. ഇവരില്‍ ആര് വന്നാലും കോണ്‍ഗ്രസിന് അതൊരു പുതിയ കാലത്തിന്റെ തുടക്കമായിരിക്കും എന്ന് സാരം.

രാഹുല്‍ യാത്ര തുടരുന്നു

പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തിരക്കിലേക്ക് കടന്നപ്പോഴും ഭാരത് ജോഡോ യാത്ര നയിക്കുന്നു രാഹുല്‍ ഗാന്ധി. ആയിരങ്ങളെ കണ്ട് ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം പങ്കുവെക്കുന്നു. രാഹുല്‍ തന്നെ വേണം നയിക്കാനെന്ന് എട്ട് പി.സി.സികള്‍ പ്രമേയം പാസാക്കി. അപ്പോഴും അന്തിമ തീരുമാനം പ്രഖ്യാപിക്കാതെ നില്‍ക്കുന്നു രാഹുല്‍. നേരം പുലരുന്നത് മുതല്‍ രാത്രി വൈകും വരെ തെരുവില്‍ ഇന്ത്യ എന്ന ആശയം ചര്‍ച്ച ചെയ്യുന്നു രാഹുല്‍. ഇന്ത്യയിലെ മനുഷ്യരുടെ ഐക്യത്തെക്കുറിച്ച് രാഹുല്‍ പ്രസംഗിക്കുന്നു. ജനങ്ങളോട് സംവദിക്കുന്നു. നാടിനെ അറിയാനുള്ള പരമാവധി ശ്രമവും നടത്തുന്നു.

മുതിര്‍ന്ന നേതാക്കളില്‍നിന്ന് ഉള്‍പ്പെടെ പിന്തുണ ലഭിക്കുന്നില്ല എന്ന് വിളിച്ചു പറഞ്ഞാണ് രാഹുല്‍ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. അന്ന് പിന്തുണ നല്‍കാതിരുന്ന ഗുലാം നബി ആസാദിനെപ്പോലുള്ള നേതാക്കള്‍ പാര്‍ട്ടിയ്ക്ക് പുറത്ത് പോയി. മാത്രമല്ല പഴയതിനേക്കാള്‍ വലിയ സ്വീകാര്യത രാഹുലിന് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. രാഹുല്‍ മത്സരിച്ചാല്‍ താന്‍ നാമനിര്‍ദേശ പത്രിക നല്‍കില്ല എന്ന് ശശി തരൂര്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. എട്ട് പി.സി.സികള്‍ പാസാക്കിയ പ്രമേയങ്ങള്‍ രാഹുലിന് മുകളിലെ സമ്മര്‍ദ്ദമാണ്. ഒരാഴ്ച മുന്‍പുള്ള നിലപാടിലല്ല രാഹുലിന്റെ മത്സര കാര്യത്തില്‍ ഗാന്ധികുടുംബത്തിന് ഉള്ളത് എന്ന് വ്യക്തം. ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ല എന്ന് വ്യക്തമാക്കിയതായി നേരത്തേ പറഞ്ഞ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്ന് ആ പ്രസ്താവന മയപ്പെടുത്തി. രാഹുല്‍ മത്സരിക്കുമോ എന്ന കാര്യം അദ്ദേഹം തീരുമാനിക്കും എന്നാണ് കെ.സി ഇന്ന് പറഞ്ഞത്.

അധ്യക്ഷന്‍ പാര്‍ട്ടിയെ നയിക്കുക, രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിക്കുക എന്ന ഒരു ഫോര്‍മുല തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ നേരത്തേ കോണ്‍ഗ്രസിന് മുന്നില്‍ വച്ചിരുന്നു. പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് കൂടെക്കൂട്ടിയില്ലായെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശം നടപ്പിലാക്കാനുള്ള ശ്രമം നടത്താനുള്ള സാധ്യതയും ഉണ്ട്.

Content Highlights: Congress president election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented