തരൂരോ, ഖാര്‍ഗെയോ? പുതിയ അമരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ്, വോട്ടെടുപ്പ് തുടങ്ങി


ഭാരത് ജോഡോ യാത്രയിലെ പ്രതിനിധികൾക്കായി കർണാടകയിലെ ബെല്ലാരിയിൽ പ്രത്യേകം തയ്യാറാക്കിയ പോളിങ് ബൂത്ത്, സ്ഥാനാർഥികളായ മല്ലികാർജുൻ ഖാർഗെ, ശശി തരൂർ |ഫോട്ടോ:Congress,PTI

ന്യൂഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണോ ശശി തരൂരാണോ കോണ്‍ഗ്രസിനെ നയിക്കുക എന്ന് തീരുമാനിക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ആരായാലും 22 വര്‍ഷത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസിന് നെഹ്‌റുകുടുംബത്തിന് പുറത്ത് നിന്നുള്ള ആദ്യ അധ്യക്ഷന്‍ വരും.

കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദ്യ വോട്ട് ചെയ്തത് മുതിര്‍ന്ന നേതാവ് പി.ചിദംബരം ആയിരുന്നു. 11 മണിയോടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇവിടെ എത്തി വോട്ട് ചെയ്തു.



എ.ഐ.സി.സി. ആസ്ഥാനത്തും പി.സി.സി. ആസ്ഥാനങ്ങളിലുമായി 10 മുതല്‍ നാലുവരെ വോട്ടര്‍പട്ടികയിലുള്ള 9308 പ്രതിനിധികള്‍ക്ക് വോട്ടു രേഖപ്പെടുത്താം. രാജ്യത്താകമാനമായി 65 ബൂത്തുകളാണ് ഉള്ളത്. കേരളത്തില്‍ 305 പേരാണ് വോട്ടര്‍മാര്‍. തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വോട്ടുരേഖപ്പെടുത്തേണ്ടത് 'ശരി' ചിഹ്നം ഇട്ടായിരിക്കണമെന്ന് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും വോട്ടര്‍മാര്‍ക്കും നിര്‍ദേശംനല്‍കിയിട്ടുണ്ട്.

വോട്ടുപെട്ടികളെല്ലാം ഡല്‍ഹിയിലെത്തിച്ച് ബാലറ്റുകള്‍ കൂട്ടിക്കലര്‍ത്തി ബുധനാഴ്ച 10-ന് വോട്ടെണ്ണല്‍ തുടങ്ങും. ബാലറ്റ് പേപ്പറുകള്‍ എല്ലാ കലര്‍ത്തിയ ശേഷമാകും എണ്ണുക. ആര് ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് കൃത്യമായി അറിയാനാകില്ല.

ബാലറ്റ് പേപ്പറില്‍ ആദ്യം ഖാര്‍ഗെയും രണ്ടാമത് തരൂരുമാണ്. വോട്ടു രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിക്കുനേരെ ഒന്ന് എന്ന അക്കം രേഖപ്പെടുത്താനായിരുന്നു നേരത്തേയുള്ള നിര്‍ദേശം. ക്രമനമ്പര്‍ ഒന്ന് ഖാര്‍ഗെയും രണ്ട് തരൂരും ആയതിനാല്‍ ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നായിരുന്നു തരൂരിന്റെ പരാതി. പാര്‍ട്ടി ഭരണഘടന ചൂണ്ടിക്കാട്ടി തരൂരിനെ പ്രതിരോധിക്കാന്‍ മിസ്ത്രി ശ്രമിച്ചെങ്കിലും രണ്ടോ അതിലധികമോ സ്ഥാനാര്‍ഥികളുണ്ടാവുമ്പോഴേ അതിന് പ്രസക്തിയുള്ളൂ എന്ന് തരൂര്‍ഭാഗം വാദിച്ചു. തുടര്‍ന്നാണ് ശരി ചിഹ്നമിടുന്നത് അംഗീകരിച്ചത്.

തരൂരിന് വോട്ട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന രണ്ടു സ്ഥാനാര്‍ഥികളില്‍ ഒരാളായ ശശി തരൂര്‍ കെ.പി.സി.സി. ആസ്ഥാനത്തെ ബൂത്തില്‍ വോട്ടു ചെയ്യും. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങിയ നേതാക്കളും ഇവിടെ വോട്ടുചെയ്യും. 10 മുതല്‍ നാലുവരെയാണ് വോട്ടെടുപ്പ്. ലഖ്നൗവിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തി.

വി.എസ്. ശിവകുമാര്‍, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, എ.എ. ഷുക്കൂര്‍ എന്നിവരാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ കേരളത്തിലെ പ്രാദേശിക നിരീക്ഷകര്‍. തിരുവനന്തപുരത്തെ നാലു ബ്ലോക്ക് പ്രസിഡന്റുമാരാണ് ശശി തരൂരിന്റെ ചുമതലക്കാര്‍.

കര്‍ണാടകയില്‍ പ്രത്യേക ബൂത്ത്

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലാകും വോട്ട് രേഖപ്പെടുത്തുക. ഇതിനിടെ ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധി അടക്കമുള്ള അംഗങ്ങള്‍ക്കായി കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രത്യേക ബൂത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ടെയ്‌നര്‍ പോളിങ്ബൂത്താക്കി മാറ്റിയാണ് പ്രത്യേക സജ്ജീകരണം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇത്തരത്തില്‍ കണ്ടെയ്‌നറുകളിലായി ഒരുക്കിയ റൂമുകളിലാണ് താമസം.

Content Highlights: Congress president elction 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented