ന്യൂഡല്‍ഹി: യുഎസ് യാത്രയ്ക്കിടെ വിമാനത്തിലിരുന്നും ജോലി ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബിജെപി നേതാക്കള്‍ വലിയ ചര്‍ച്ചാ വിഷയമാക്കിയതിനെ ട്രോളി കോണ്‍ഗ്രസ്. മോദി മാത്രമല്ല വിമാനത്തിലിരുന്ന് ജോലി ചെയ്ത പ്രധാനമന്ത്രിയെന്ന് ചൂണ്ടിക്കാണിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിദേശ യാത്രാ വേളയിലെ പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസിന്റെ പരിഹാസം. 

വിദേശ യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്ത മന്‍മോഹന്‍ സിങിന്റെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്തെ മൂന്ന് വിദേശ സന്ദര്‍ശന സമയത്തെ ചിത്രങ്ങളാണിവ. 'ചില ചിത്രങ്ങള്‍ അനുകരിക്കാന്‍ വളരെ പ്രയാസമാണ്' എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്. 

ദീര്‍ഘദൂര യാത്രയെന്നാല്‍ ചില പേപ്പറുകളും ഫയല്‍ വര്‍ക്കും തീര്‍ക്കാനുള്ള അവസരം കൂടിയാണെന്ന തലക്കെട്ടോടെയാണ് വിമാനത്തിനുള്ളിലുള്ള ചിത്രം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. എല്ലായിപ്പോഴും ഒരു ക്ഷീണവുമില്ലാതെ രാജ്യസേവനം നടത്തുന്ന വ്യക്തിയെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തു. 

ഇതിന് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിദേശയാത്രയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ വാര്‍ത്താ സമ്മേളനം വരെ വിളിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ഓര്‍മ്മപ്പെടുത്തിയത്. അതേസമയം വിദേശ യാത്രകളില്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ പ്രധാനമന്ത്രിക്കൊപ്പം കൂട്ടിയ പാര്‍ട്ടി കോണ്‍ഗ്രസാണോയെന്ന ചോദ്യവും ട്വീറ്റിന് താഴെ വിമര്‍ശനം ഉയര്‍ന്നു. മോദിയെ പുകഴ്ത്തിയും വിമര്‍ശിച്ചും നിരവധി പേര്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി.

content highlights: Congress posts former PM Manmohan Singhs old foreign flight pics, says harder to copy