ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ചൂടാറുന്നതിന് മുമ്പേ സാമൂഹികമാധ്യമങ്ങളിലൂടെ ബിജെപിയെ ട്രോളി കോണ്‍ഗ്രസ്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചുള്ള ഹഗ് ഡേയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ബിജെപിയെ ട്രോളുന്നത്.

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ഗാന്ധി കെട്ടിപിടിക്കുന്ന രംഗം കാണിച്ചു കൊണ്ടുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് ഹഗ് ഡേക്ക് ബിജെപിയെ കളിയാക്കി കൊണ്ട് പ്രചരിപ്പിക്കുന്നത്. ആലിംഗനം ചെയ്യൂ, വെറുക്കരുത് എന്ന ഒരേ സന്ദേശമാണ് എല്ലാ വര്‍ഷവും ബിജെപിയ്ക്ക് നല്‍കാനുള്ളതെന്ന അടിക്കുറിപ്പാണ് വീഡിയോക്കൊപ്പം കോണ്‍ഗ്രസ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. പാപത്തെ വെറുക്കൂ, പാപികളെ സ്‌നേഹിക്കൂ എന്ന മഹാത്മാഗാന്ധിജിയുടെ വാക്കുകളും വീഡിയോയിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

വിദ്വേഷത്തിലല്ല, സ്‌നേഹത്തിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും വീഡിയോയില്‍ കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും  തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ സമാനമായ രീതിയില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Content Highlights: Congress posted video to troll BJP on Hug Day