ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ശനിയാഴ്ച 10.30-ന് പാര്‍ലമെന്റ് അനക്സില്‍ നടക്കും. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷാണ് യോഗം വിളിച്ചത്.

കഴിഞ്ഞ ശനിയാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍നിന്ന് നിരാശനായി ഇറങ്ങിപ്പോയശേഷം രാഹുല്‍ ആദ്യമായാണ് പാര്‍ട്ടി നേതാക്കളെ ഒന്നിച്ചുകാണുന്നത്. കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ സോണിയയെയും രാഹുലിനെയും പ്രത്യേകം കാണുമെന്നാണറിയുന്നത്. രാഹുലിനോട് രാജിയില്‍നിന്ന് പിന്മാറണമെന്ന് ഇവര്‍ ആവശ്യപ്പെടും.

ഇന്നത്തെ യോഗത്തില്‍ ലോക്‌സഭ കക്ഷി നേതൃസ്ഥാനം ചര്‍ച്ചയാവില്ല. പാര്‍ലമെന്റ് സമ്മേളനം ഈ മാസം 16ന് മാത്രമാണ് ചേരുക. ഈ സാഹചര്യത്തിലാണ് കക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്നത് നീട്ടിവെച്ചത്.

രാഹുല്‍ ഗാന്ധി തയ്യാറാണാങ്കില്‍ അദ്ദേഹം തന്നെയാകും ലോക്‌സഭ കക്ഷി നേതാവ്. അല്ലെങ്കില്‍ മാത്രമായിരിക്കും മറ്റ് പേരുകളിലേക്ക് ചര്‍ച്ച കടക്കുക. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ആദിര്‍ രഞ്ജന്‍ ചൗധരി, മനീഷ് തിവാരി എന്നീ പേരുകളായിരിക്കും പരിഗണിക്കുക. എന്നാല്‍ അത്തരത്തിലുള്ള വിശാലമായ ചര്‍ച്ചകള്‍ ഇന്ന് നടന്നില്ലേക്കെന്നാണ് സൂചന.

content highlights: Congress Parliamentary Party To Meet today