-
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി വെന്റിലേറ്ററിലാണെന്നും അതിജീവിക്കാനുള്ള സാധ്യത കുറവായതിനാൽ രാജ്യത്തിന് വേണ്ടി ഇനി എന്തെങ്കിലും ചെയ്യാന്‍ ആം ആദ്മി പാർട്ടിയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും എഎപി വക്താവ് രാഘവ് ചദ്ദ. നിറം കെട്ട രാഷ്ട്രീയകളികൾക്കുള്ള നേരമല്ലെന്നും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ രാഷ്ട്രീയകക്ഷികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചദ്ദ ആവശ്യപ്പെട്ടു.
മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഘവ് ചദ്ദ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിന് ഭാവി എന്നൊന്നില്ലെന്നും രാജ്യത്തിന്റെ ഭാവിയ്ക്കായി ആ പാര്‍ട്ടിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ഊർജസ്വലരായ പ്രവർത്തകരുള്ള എഎപിയ്ക്ക് മാത്രമേ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെന്റിലേറ്ററിലായിരിക്കുന്ന കോൺഗ്രസിന് പ്ലാസ്മ തെറാപ്പിയോ റെംഡിസിവിറോ നൽകിയിട്ട് പ്രയോജനമില്ലെന്നും ചദ്ദ പറഞ്ഞു.
'പ്രതിസന്ധി ഘട്ടത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും സഹകരണം രാജ്യം ഉറ്റുനോക്കുമ്പോൾ ഇവിടെ ഒരു പാർട്ടി അവരുടെ എംഎൽഎമാരെ കച്ചവടം ചെയ്യുകയും മറ്റൊരു പാർട്ടി എംഎൽഎമാരെ വാങ്ങുകയും ചെയ്യുന്നു. രാജസ്ഥാനിൽ അരങ്ങേറുന്ന രാഷ്ട്രീയനാടകത്തിന് ജനങ്ങൾ ദുഃഖിതരായി സാക്ഷ്യം വഹിക്കുകയാണ്. ബിജെപിയുടേയും കോൺഗ്രസിന്റേയും വൃത്തികെട്ട രാഷ്ട്രീയകളികൾ കണ്ട് രാജ്യത്തിലെ ജനാധിപത്യത്തിന്റെ നിലവിലെ സ്ഥിതിയിൽ നിരാശരായിരിക്കുകയാണ് ജനങ്ങൾ', ചദ്ദ വ്യക്തമാക്കി.
125 കൊല്ലം പഴക്കമുള്ള കോൺഗ്രസിന് പ്രായമേറിയെന്നും പാർട്ടി തകർച്ചയുടെ വക്കിലാണെന്നും ജനങ്ങൾ ആം ആദ്മി പാർട്ടിയിൽ പ്രതീക്ഷ പുലർത്തുന്നതായും ചദ്ദ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ വിജയിക്കാനോ അണികളെ യോജിപ്പിച്ച് നിർത്താനോ കോൺഗ്രസ് അപര്യാപ്തമാണെന്നും രാജ്യത്തിന് വേണ്ടി പ്രയോജനപ്രദമായി എഎപി പ്രവർത്തിക്കുന്നത് ഏതു രീതിയിലാണെന്ന് നോക്കിക്കാണാൻ ജനങ്ങൾ ആഗ്രഹിക്കുകയാണെന്നും ചദ്ദ പറഞ്ഞു.
എന്നാൽ ചദ്ദയുടെ വാദങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുമായി കോൺഗ്രസ് നേതാവ് അനിൽ ചൗധരി ട്വീറ്റ് ചെയ്തു. കെജ് രിവാളിന് വോട്ട് ചെയ്താൽ ഡൽഹി ഭരിക്കുന്നത് അമിത് ഷായായിരിക്കുമെന്നും കോൺഗ്രസിന് ഇത്തരത്തിൽ രണ്ട് ഓഫറുകൾ ഒന്നിച്ച് നൽകാൻ സാധിക്കില്ലെന്നും അനിൽ ചൗധരി പരിഹസിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..