ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി |ഫോട്ടോ:PTI
ലഖ്നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ കാലവസ്ഥാ മാറ്റത്തിന്റെ സൂചനകള്‍ കാണുന്നില്ലേയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഭാരത് ജോഡോ യാത്രയെ പിന്തുണച്ച ശേഷം ബിജെപി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ യാത്രയെ അഭിവാദ്യം ചെയ്തുവെന്നും അവകാശപ്പെട്ടുകൊണ്ടാണ് ജയറാം രമേശ് ഇത്തരമൊരു ചോദ്യമുയര്‍ത്തിയിരിക്കുന്നത്.
'ഭാരത് ജോഡോ യാത്രയെ സ്വാഗതംചെയ്തുകൊണ്ട് അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതന്റെ കത്തിനും (രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി) ചമ്പത് റായിയെപ്പോലുള്ള വിഎച്ച്പി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് കത്തെഴുതിയതിനും ശേഷം, ഇന്ന് ബാഗ്പത്തിലെ ബറൗലിയിലെ ബിജെപി ഓഫീസില്‍നിന്ന് ആവേശത്തോടെ കൈവീശിയാണ് യാത്രികരെ സ്വീകരിച്ചത്. യോഗിയുടെ സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകള്‍?', ജയറാം രമേശ് ട്വീറ്റ് ചെയ്തു.
ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ പര്യാടനംനടത്തിക്കൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന് സത്യേന്ദ്രദാസും ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയും രാഹുലിനേയും യാത്രയേയും അഭിനന്ദിച്ചത്. ഈ കഠിനമായ കാലവസ്ഥയില്‍ ഇത്തരമൊരു പദയാത്ര നടത്തുന്നത് അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ ചമ്പത് റായി, ഭാരത് ജോഡോ യാത്രയെ ആര്‍ക്കും എതിര്‍ക്കാനോ കുറ്റപ്പെടുത്താനോ ആകില്ലെന്നും പറഞ്ഞിരുന്നു.
'ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. ആര്‍എസ്എസ് ഭാരത് ജോഡോ യാത്രയെ കുറ്റപ്പെടുത്തില്ല. രാജ്യത്തിനുവേണ്ടി കാല്‍നട നടത്തുകയാണ് രാഹുലെന്ന ചെറുപ്പാക്കരന്‍', റായ് മാധ്യമങ്ങളോട് പറയുകയുണ്ടായി.
രാഹുലിന്റെ യാത്രയ്ക്ക് വിജയവും അദ്ദേഹത്തിന് ദീര്‍ഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് ആചാര്യ സത്യേന്ദ്ര ദാസ് ആശംസിച്ചു. 'നിങ്ങള്‍ രാജ്യത്തിന് വേണ്ടിചെയ്യുന്ന ഏത് ജോലിയും എല്ലാവരുടെയും പ്രയോജനത്തിന് വേണ്ടിയാണ്. എന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ട്. ഭഗവാന് രാമന്റെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പമുണ്ടാവും', യാത്രയിലേക്ക് ക്ഷണിച്ചുള്ള കോണ്‍ഗ്രസിന്റെ കത്തിന് മറുപടിയായി ആചാര്യ സത്യേന്ദ്ര ദാസ് കുറിച്ചു.
Content Highlights: Congress on Ram Mandir Trust's support for Bharat Jodo-Signs of change in
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..