ന്യൂഡല്‍ഹി: സീതാ ദേവി ശ്രീരാമനെ വിവാഹം ചെയ്തതുപോലെ സ്വയംവരത്തിലൂടെയാകും മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുകയെന്ന് ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് ടി.എസ്.സിങ് ദിയോ. വനവാസകാലത്തിന് ശേഷം ശ്രീരാമന്‍ രാജ്യഭരണത്തില്‍ തിരികെയെത്തിയതു പോലെയാകും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

15 വര്‍ഷമായി ഛത്തീസ്ഗഡില്‍ ഭരണത്തിലേറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇക്കുറി ഭരണം തിരികെപ്പിടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. ഭരണത്തിലുള്ള ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് തിരികെയെത്തുന്നത് ശ്രീരാമന്‍ 14 വര്‍ഷത്തെ വനവാസത്തിനു ശേഷം അയോധ്യയുടെ രാജാവായതുപോലെ ഉജ്ജ്വലമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ സിങ് ദിയോ അഭിപ്രായപ്പെട്ടു. 

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ആരെയാവും അവതരിപ്പിക്കുക എന്ന ചോദ്യത്തിനാണ് അദ്ദേഹം സീതാസ്വയംവരത്തെ ഉദാഹരിച്ചത്. സീത രാമനെ വരിക്കുകയായിരുന്നു. അവിടെ വേറെയും യോഗ്യരായ വരന്മാരുണ്ടായിരുന്നു. പക്ഷേ, സീത തിരഞ്ഞെടുത്തത് രാമനെയാണ്. അതുപോലെ യോഗ്യരായ സ്ഥാനാര്‍ഥികള്‍ ധാരാളമുണ്ടാകും. ആര് മുഖ്യമന്ത്രിയാകുമെന്നത് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള തീരുമാനമാകും. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചില്ലല്ലോ. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴല്ലേ അദ്ദേഹത്തിന് നറുക്കു വീണത്. അതും സ്വയംവരമായിരുന്നു. അതുപോലെയാകും ഛത്തീസ്ഗഡിലെയും കാര്യമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സിങ് ദിയോ പറഞ്ഞു. 

ഈ വര്‍ഷം അവസാനമാണ് ഛത്തീസ്ഗഡിലെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക. 

content highlights: Congress On Choosing Chhattisgarh Chief Minister, Chhattisgarh Assembly Election 2018